അസം അന്തിമ പൗരത്വ രജിസ്റ്റര്‍: നിയമനിര്‍മാണത്തിനൊരുങ്ങി ബിജെപി
ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കളുടെ കുടിയേറ്റം കണക്കിലെടുക്കുമ്പോള്‍ അവസാന എന്‍ആര്‍സി പട്ടികയില്‍ ധാരാളം ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കേണ്ടി വരും. ഇത് ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയ ശാസ്ത്രത്തിനും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ക്കും എതിരാണ്. ഈ സാഹചര്യം മറികടക്കാനാണ് ബിജെപി പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്.
ന്യൂഡല്‍ഹി: അസമിലെ അന്തിമ പൗരത്വ രജിസ്റ്ററില്‍ നിയമനിര്‍മാണത്തിന് ബിജെപി നീക്കം. പുറത്തായ യഥാര്‍ഥ പൗരന്മാരെ ഉള്‍പ്പെടുത്താനാണ് നീക്കമെന്നാണ് ബിജെപി വിശദീകരണം. അനര്‍ഹരെ ഒഴിവാക്കാന്‍ പട്ടികയില്‍ പുനപരിശോധന ആവശ്യപ്പെടുമെന്നാണു റിപോര്‍ട്ട്. അസമിലെ ബിജെപി വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍ നിന്നു പിന്തള്ളപ്പെട്ടതിനു പിന്നാലെയാണ് നിലപാട് മാറ്റം. ശനിയാഴ്ച പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റര്‍ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമില്‍ ഇന്ത്യന്‍ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേര്‍ക്ക് അപ്പീല്‍ പോവാന്‍ അവസരമുണ്ട്. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടത്.
ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കളുടെ കുടിയേറ്റം കണക്കിലെടുക്കുമ്പോള്‍ അവസാന എന്‍ആര്‍സി പട്ടികയില്‍ ധാരാളം ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കേണ്ടി വരും. ഇത് ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയ ശാസ്ത്രത്തിനും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ക്കും എതിരാണ്. ഈ സാഹചര്യം മറികടക്കാനാണ് ബിജെപി പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്. ദക്ഷിണേഷ്യയില്‍ നിന്ന് കുടിയേറിയ ഹിന്ദു, ബുദ്ധ, സിഖ്, ക്രിസ്ത്യന്‍, പാര്‍സി കുടിയേറ്റക്കാരെ പൗരന്‍മാരായി അംഗീകരിക്കുകയും മുസ്‌ലിം കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാക്കുകയുമാണ് ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിനെ തത്തുടര്‍ന്ന് അസമിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ തുടരുകയാണ്. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന അസം ജില്ലകളില്‍ നിരോധനാജ്ഞ നിലവിലുണ്ട്. പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നുണ്ടോ എന്ന് മിസോറാം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളും നിരീക്ഷിക്കുന്നുണ്ട്.