Big stories

ഇന്ധന വിലവര്‍ധന: ഇറാനിലെ പ്രക്ഷോഭത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി റിപോര്‍ട്ട്

ഇന്ധനവിലവര്‍ധനയ്‌ക്കെതിരേ ഈമാസം 15ന് ആരംഭിച്ച പ്രക്ഷോഭം 100 നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇറാനിയന്‍ സുരക്ഷാസേന പ്രക്ഷോഭകര്‍ക്കെതിരേ ക്രൂരമായ രീതിയില്‍ ബലപ്രയോഗം നടത്തിയെന്ന് ദൃക്‌സാക്ഷികളുടെ വിവരണങ്ങളടങ്ങിയ വീഡിയോയും ആംനസ്റ്റി റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ധന വിലവര്‍ധന: ഇറാനിലെ പ്രക്ഷോഭത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി റിപോര്‍ട്ട്
X

ടെഹ്‌റാന്‍: ഇറാനില്‍ ഇന്ധനവില വര്‍ധനവിനെതിരായ പ്രക്ഷോഭത്തിനിടെ 106 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷനലാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് പുറത്തുവിട്ടത്. സൈന്യത്തെ ഉപയോഗിച്ച് പ്രതിഷേധത്തെ അമര്‍ച്ച ചെയ്യാനാണ് ഇറാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആംനസ്റ്റി റിപോര്‍ട്ടില്‍ ഇറാന്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രാജ്യത്ത് പെട്രോള്‍ വിലയില്‍ 50 ശതമാനത്തിന്റെ വര്‍ധന വരുത്തിയത്. യുഎസ് ഉപരോധം മൂലം തകര്‍ന്ന സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു നീക്കം. പെട്രോളിനുണ്ടായിരുന്ന കനത്ത സബ്‌സിഡി എടുത്തുകളയുന്നതോടെ ലഭിക്കുന്ന വരുമാനം താഴ്ന്ന വരുമാനക്കാരുടെ ക്ഷേമത്തിന് ഉപകരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സുരക്ഷാസേനയെ രംഗത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രക്ഷോഭക്കാര്‍ക്കെതിരേ ലാത്തിച്ചാര്‍ജും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതിന് പുറമെ വെടിവയ്പ്പുമുണ്ടായി. ഇന്ധനവിലവര്‍ധനയ്‌ക്കെതിരേ ഈമാസം 15ന് ആരംഭിച്ച പ്രക്ഷോഭം 100 നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇറാനിയന്‍ സുരക്ഷാസേന പ്രക്ഷോഭകര്‍ക്കെതിരേ ക്രൂരമായ രീതിയില്‍ ബലപ്രയോഗം നടത്തിയെന്ന് ദൃക്‌സാക്ഷികളുടെ വിവരണങ്ങളടങ്ങിയ വീഡിയോയും ആംനസ്റ്റി റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനും പ്രതിഷേധക്കാരും സുരക്ഷാ സേനയിലെ നാല് അംഗങ്ങളും മാത്രമാണ് പ്രക്ഷോഭത്തില്‍ മരിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ മരണസംഖ്യ 200ന് അടുത്തെത്തുമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിനുവേണ്ടി ഫിലിപ്പ് ലൂഥര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it