Big stories

പാര്‍ട്ടിയിലെ പ്രതിസന്ധി: കര്‍ണാടക പിസിസി പിരിച്ചുവിട്ടു; പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റും തുടരും

സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് എഐസിസിയുടെ നടപടി. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം അറിയിച്ചത്.

പാര്‍ട്ടിയിലെ പ്രതിസന്ധി: കര്‍ണാടക പിസിസി പിരിച്ചുവിട്ടു; പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റും തുടരും
X

ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എഐസിസി പിരിച്ചുവിട്ടു. നിലവിലുള്ള പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു, വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ബി ഖാന്ദ്രേ എന്നിവര്‍ തല്‍സ്ഥാനത്ത് തുടരും. സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് എഐസിസിയുടെ നടപടി. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണമായ അഴിച്ചുപണി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായുള്ള അഴിച്ചുപണി, വിമതശല്യം മറികടക്കല്‍, നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നീക്കം. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ശിവജിനഗര്‍ എംഎല്‍എയുമായ റോഷന്‍ ബേഗിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തതോടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രക്ഷമായത്. പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിനെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പരസ്യമായി വിമര്‍ശിക്കുകയും കെ സി വേണിഗോപാലിനെ കോമാളിയെന്ന് വിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് റോഷന്‍ ബേഗിനെ സസ്‌പെന്റ് ചെയ്തത്.

കര്‍ണാടക പിസിസിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി എഐസിസി ശരിവച്ചത്. തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പാര്‍ട്ടി പുനസംഘടിപ്പിക്കണമെന്ന ആവശ്യം നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഉന്നയിച്ചിരുന്നതായി ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. ബ്ലോക്ക്, ജില്ലാ കമ്മിറ്റികളടക്കം പൂര്‍ണപുനസംഘടനയാണ് ഉദ്ദേശിക്കുന്നതെന്നും ഗുണ്ടുറാവു കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിലും ഭിന്നിപ്പ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സഖ്യസര്‍ക്കാരിനെ നിലനിര്‍ത്തുന്നതിലുള്ള വിഷമതകളെക്കുറിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയാണ് തുറന്നടിച്ചത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ താന്‍ വിഷമതകളെല്ലാം ഉള്ളിലൊതുക്കികയാണെന്നും എന്നും വേദനയിലൂടെയാണ് താന്‍ കടന്നുപോവുന്നതെന്നുമായിരുന്നു കുമാരസ്വാമി പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പല്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ്- ദള്‍ സഖ്യം കര്‍ണാടകയില്‍ നേരിട്ടത്. രണ്ടു പാര്‍ട്ടികളും ഒരോ സീറ്റു വീതം നേടിയപ്പോള്‍ ബിജെപി 28 സീറ്റില്‍ 25ലും വിജയിച്ചു. ഇതിനുശേഷം സഖ്യസര്‍ക്കാരില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. എന്നാല്‍, സഖ്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിജെപിക്കെതിരേ പോരാടാന്‍ ഒരുമിച്ചുനില്‍ക്കുമെന്നുമാണ് സിദ്ധരാമയ്യ കഴിഞ്ഞദിവസം പ്രതികരിച്ചത്.

Next Story

RELATED STORIES

Share it