Big stories

ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം

ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം
X

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായ 658 കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കര്‍ഷക സമരം തുടരാന്‍ കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി തീരുമാനം. പാര്‍ലമെന്റില്‍ പാസാക്കിയ നിയമമായതിനാല്‍ വിവാദ ബില്ലുകള്‍ റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

രക്തസാക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, പ്രക്ഷോഭത്തിനിടെ എടുത്ത കേസുകള്‍ പിന്‍വലിക്കണം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവില ഉള്‍പ്പടേയുള്ള കാര്യങ്ങളിലും തീരുമാനമെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

ട്രാക്ടര്‍ റാലിയടക്കം മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം തന്നെ നടത്താനാണ് തീരുമാനം. നിയമം പിന്‍വലിച്ചുവെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല. ഇത് പാര്‍ലമെന്റില്‍ പാസാക്കിയ നിയമമാണ്. അതിനാല്‍ വിവാദ ബില്ലുകള്‍ റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

ഇതിന് പുറമേ കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനമെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല താങ്ങുവില അടക്കമുള്ള മറ്റ് വിഷയങ്ങളില്‍ കൂടി തീരുമാനമെടുത്തെങ്കില്‍ മാത്രമേ ഈ സമരത്തില്‍ നിന്ന് പിന്നോട്ട് പോവുകയുള്ളൂവെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

സമരം നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക. പഞ്ചാബിലെ കര്‍ഷക സംഘടനകളുടെ യോഗം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ കര്‍ഷകസമരത്തില്‍ പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ വലിയ പങ്ക് വഹിച്ചിരുന്നു. അതിനാല്‍ ഇവരുടെ യോഗത്തിലെ തീരുമാനവും നിര്‍ണായകമാണ്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഞായറാഴ്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഇന്ന് കോര്‍കമ്മിറ്റി യോഗം നടത്തിയത്.

ഇന്നലെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകസമരനേതാക്കള്‍ പറഞ്ഞിരുന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും

വിശ്വാസത്തിലെടുക്കില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നുമാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞത്.

സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളുടെ അവസ്ഥയും ഇന്നലെ സമര നേതാക്കള്‍ എടുത്തു പറഞ്ഞിരുന്നു. മോദിജീ ഈ തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ 700 ജീവന്‍ നഷ്ടമാകില്ലായിരുന്നെന്ന് പറഞ്ഞ് ബിജെപി നേതാവ് വരുണ്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it