Big stories

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവച്ചു; ചുമതലയേറ്റ് മൂന്നാം നാൾ രാജി

നാളെത്തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതാണ് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് തടസമായത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവച്ചു; ചുമതലയേറ്റ് മൂന്നാം നാൾ രാജി
X

മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. ഭൂരിപക്ഷമില്ലെന്ന ബോധ്യത്തെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപി നേതാവായ അജിത് പവാര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്‌നാവിസും രാജിവച്ചത്.

വൈകിട്ട് മാധ്യമങ്ങളെ കണ്ട ഫഡ്‌നാവിസ് രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഉച്ചയോടെ ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവച്ചിരുന്നു. മഹാരാഷ്ട്രയിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആദ്യം ക്ഷണിച്ചപ്പോള്‍ ശിവസേന പിന്തുണ ഇല്ലാതിരുന്നതിനാല്‍ അതിന് ബിജെപി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെത്തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതാണ് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് തടസമായത്. ഇതോടെയാണ് സഭയില്‍ പരാജയപ്പെടുന്നതിനേക്കാള്‍ രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്ന തീരുമാനം ബിജെപി കൈക്കൊണ്ടത്. അജിത് പവാറിന്റെ സ്വാധീനത്തിലുള്ള 35 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയിരുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ അജിത് പവാറിനൊപ്പം നിന്ന 11 എംഎല്‍എമാരേക്കൂടാതെ കൂടുതല്‍ പേരെ എത്തിക്കാന്‍ സാധിക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ശരദ് പവാര്‍ ശക്തമായ നിലപാടെടുത്തതോടെ ബിജെപി തന്ത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ തുടങ്ങിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീണത്.

Next Story

RELATED STORIES

Share it