Big stories

ദിലീപിന് തിരിച്ചടി ;വധഗൂഢാലോചനക്കേസ് റദ്ദാക്കില്ല; ദിലീപിന്റെ ഹരജി തള്ളി

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.ഹൈക്കോടതി വിധി വന്നതോടെ ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നാണ് വ്യക്തമാക്കപ്പെടുന്നത്

ദിലീപിന് തിരിച്ചടി ;വധഗൂഢാലോചനക്കേസ് റദ്ദാക്കില്ല; ദിലീപിന്റെ ഹരജി തള്ളി
X

കൊച്ചി: ദിലീപിന് തിരിച്ചടി.നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.ഹൈക്കോടതി വിധി വന്നതോടെ ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നാണ് വ്യക്തമാക്കപ്പെടുന്നത്.കേസില്‍ ഹൈക്കോടതി നേരത്തെ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബി ഐക്ക് കൈമാറണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കേസ് സിബി ഐക്ക് കൈമാറേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.അന്വേഷണ സംഘത്തിന്റെയും ദിലീപ് അടക്കമുള്ള പ്രതിഭാഗത്തിന്റെയും മൂന്നു ദിവസം നീണ്ടു നിന്ന വിശദമായ വാദം കേട്ടതിനു ശേഷമാണ് കേസ് വിധി പറയാന്‍ കോടതി മാറ്റിയത്.മാര്‍ച്ച് 31നായിരുന്നു വാദം പൂര്‍ത്തിയായത്.

തനിക്കെതിരെയുള്ള കേസ് വൈരാഗ്യ ബുദ്ധിയോടെയുള്ളതും ദുരുദ്ദേശപരവും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ദിലീപ് വാദിച്ചിരുന്നു.തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്നുമായിരുന്നു ദിലീപിന്റെ വാദം. തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ പ്രാഥമികമായി നിലനില്‍ക്കില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുകയാണെന്നും അഭിഭാഷകന്‍ മുഖേന ദിലീപ് കോടതിയില്‍ വാദിച്ചു.വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടിരുന്നു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് തന്നെ ഈ കേസില്‍ അന്വേഷണം നടത്തുന്നത് ശരിയായ അന്വേഷണ രീതിയല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

കേസില്‍ സാക്ഷിയാകേണ്ട ആള്‍ തന്നെ കേസിന്റെ അന്വേഷണം നടത്തുന്നത് ദുരുദ്ദേശപരമാമെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഇല്ലെങ്കില്‍ അന്വേഷണം സിബിഐക്കു വിടണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൂടെയെന്നു വാദത്തിനിടയില്‍ കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കേസിലെ പ്രതിക്ക് അവകാശമില്ലെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍(ഡിജിപി)കോടതിയില്‍ അറിയിച്ചത്. അന്വേഷണ സംഘത്തിന്റെ ഭീഷണിയുണ്ടെന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്നും കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഒരു കുറ്റം ചെയ്യാനുള്ള സംഘം ചേര്‍ന്നുള്ള ആലോചന ക്രിമിനല്‍ ഗുഡാലോചന കുറ്റമായി കണക്കാക്കാമെന്നും സംശയത്തിനു മതിയായ കാരണങ്ങളും തെളിവുകളും പ്രതികള്‍ക്കെതിരെയുണ്ടെന്നും ഡിജിപി കോടതിയില്‍ വാദിച്ചിരുന്നു.

ക്രിമിനല്‍ നടപടി ചട്ടം വകുപ്പു 154 പ്രകാരം ആരോപണങ്ങള്‍ക്ക് അടിസ്ഥാന പരമായി നിലനില്‍ക്കുന്ന കുറ്റങ്ങള്‍ക്ക് തെളിവുകളുണ്ടെന്നു പ്രോസിക്യുഷന്‍ വ്യക്തമാക്കിയിരുന്നു. രഹസ്യമായ ഗൂഡാലോചന നടത്തിയെന്നത് പ്രകടമാണെന്നും ഇതിനു പരോക്ഷമായ തെളിവുകള്‍ മതിയെന്നു സ്ഥാപിക്കുന്നതിനു നിരവധി വിധിന്യായങ്ങളുണ്ടെന്നും ഡിജിപി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.കേസില്‍ വെറുതെയുള്ള ആരോപണമല്ല നിലനില്‍ക്കുന്നതെന്നും കേസിനാസ്പദമായ സംഭവത്തിനു സാക്ഷിയും സാക്ഷിമൊഴികളുമുണ്ടെന്നു ഡിജിപി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it