Big stories

വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം; എഎസ്പി ഓഫിസിലേക്ക് മാര്‍ച്ച്

വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം; എഎസ്പി ഓഫിസിലേക്ക് മാര്‍ച്ച്
X

പാലക്കാട്: ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) സംസ്ഥാന പ്രസിഡന്റും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ എഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. രാജന്‍ പുലിക്കോട്, സക്കീര്‍ ഹുസൈന്‍, ഉമ്മര്‍ അത്തിമണി, എസ്ഡിപിഐ ജില്ലാ സെക്രട്ടറി സഹീര്‍ ബാബു,

മണികണ്ഠന്‍ മംഗലം, ഗോപാലകൃഷ്ണന്‍ ആലത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസമാണ് വിളയോടി ശിവന്‍കുട്ടിയെ അന്യായമായി അറസ്റ്റ് ചെയ്തത്. ആദിവാസി യുവാവിന്റെ കൊലപാതകത്തെ ആത്മഹത്യയാക്കുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ കൊല്ലങ്കോട് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ജുലൈ 24ന് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ 24കാരനായ ശിവരാജന്‍ മീങ്കര ഡാമില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉന്നത സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തത് പോലിസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കൊല്ലങ്കോട് സി ഐ വിപിന്‍ദാസ് റോഡില്‍ തടഞ്ഞ് നിര്‍ത്തി പോലിസ് സ്‌റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും കേസും വാറണ്ടുമില്ലാതെ സ്‌റ്റേഷനിലേക്ക് വരാന്‍ തയ്യാറല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ചിറ്റൂരിലുള്ള വീട്ടിലെത്തി രണ്ട് പോലിസുകാര്‍ ശിവന്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ശിവന്‍കുട്ടിയെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ എന്‍സിഎച്ച്ആര്‍ഓ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

വിളയോടി ശിവന്‍കുട്ടിയെ പോലിസ് അന്യായമായി കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എന്‍സിഎച്ച്ആര്‍ഒ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്. എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിക്കും.

Next Story

RELATED STORIES

Share it