Top

അഭിജിതിന് അവസാന നിമിഷം ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; രാത്രിയോളം നീണ്ട നാടകീയതകള്‍

നാളെക്കകം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അഭിജിതിന്റെ ഉപരി പഠനം മുടങ്ങുമെന്നതിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം തേജസ്‌ന്യൂസ് റിപോര്‍ട്ട് ചെയ്തത്.

അഭിജിതിന് അവസാന നിമിഷം ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു;  രാത്രിയോളം നീണ്ട നാടകീയതകള്‍

പിസി അബ്ദുല്ല

കല്‍പറ്റ: തേജസ് ന്യൂസ് വാര്‍ത്തക്കു പിന്നാലെ വയനാട്ടിലെ ആദിവാസി കുറുമ വിഭാഗത്തില്‍ പെട്ട യുവ ഡോക്ടറുടെ പിജി പ്രവേശനത്തിന് തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ജില്ലാ കലക്ടര്‍ ഇന്നലെ രാവിലെ ഉത്തരവിറക്കിയിട്ടും രാത്രി ഒന്‍പതു മണി വരെ കാത്തു നിര്‍ത്തിയാണ് വൈത്തിരി താലൂക്ക് ഓഫിസില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

റവന്യു ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടുകാരണം കല്‍പറ്റ മുട്ടില്‍ വടക്കേക്കവന്നാല്‍ വീട്ടില്‍ വിപി അഭിജിത് എന്ന എംബിബിഎസുകാരന്റെ ഉപരി പഠനം അനിശ്ചിതത്വത്തിലായത് തേജസ് ന്യൂസ് ശനിയാഴ്ച പുറത്തു കൊണ്ടു വന്നിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയടക്കമുള്ളവര്‍ വകുപ്പ് മന്ത്രിയുമായും ജില്ലാ കലക്ടറുമായും ബന്ധപ്പെട്ടു. അഭിജിത്തിന് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ഇന്നലെ രാവിലെ വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവു നല്‍കി. എന്നാല്‍,കലക്ടറുടെ ഉത്തരവ് ഓഫിസ് സമയം കഴിയുന്നതു വരെ വൈത്തിരി തഹസില്‍ദാര്‍ക്ക് ലഭിച്ചില്ല. കലക്ടറുടെ ഉറപ്പു പ്രകാരം വൈകീട്ട് ആറുവരെ താലൂക്ക് ഓഫിസില്‍ കാത്തിരുന്ന അഭിജിത്തിന്റെ അമ്മയും മറ്റും മടങ്ങി. തുടര്‍ന്ന് രാത്രി ഒന്‍പതോടെ സര്‍ട്ടിഫിക്കറ്റ് തയ്യാറായ വിവരം അറിയിക്കുകയും അഭിജിത്ത് കൈപറ്റുകയും ചെയ്തു.

നാളെക്കകം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അഭിജിതിന്റെ ഉപരി പഠനം മുടങ്ങമെന്നതിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം തേജസ്‌ന്യൂസ് റിപോര്‍ട്ട് ചെയ്തത്.

പട്ടിക വര്‍ഗ സംവരണ ക്വാട്ടയിലാണ് ഡോ. അഭിജിതിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനസ്‌ത്യേഷ്യാ വിഭാഗത്തില്‍ പിജി പ്രവേശനം ലഭിച്ചത്. നാളെയാണ് ഉപരി പഠനത്തിനായി ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തിയ്യതി. എന്നാല്‍, ഇതിനായുള്ള അപേക്ഷയുമായി മാസങ്ങളായി അഭിജിതിന്റെ കുടുംബവും ആദിവാസി സംഘടനകളുമൊക്കെ അലയുകയായിരുന്നു.

മാതാ പിതാക്കള്‍ മിശ്ര വിവാഹിതരാണെന്നതാണ് ജാതി സര്‍ട്ടിഫിക്കറ്റിനുള്ള തടസ്സമായി റവന്യൂ അധികൃതര്‍ ചൂണ്ടിക്കാട്ടിത്. വൈത്തിരി തഹസില്‍ദാര്‍ ഇക്കാര്യം അഭിജിതിനെ രേഖാമൂലം അറിയിച്ചിരുന്നു. അഭിജിതിന്റെ മാതാവ് ജാനകി ആദിവാസി കുറുമ സമുദായാംഗവും പിതാവ് പീറ്റര്‍ ക്രിസ്ത്യാനിയുമാണ്. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കിര്‍ത്താഡ്‌സ് വിജിലന്‍സ് വിഭാഗം അഭിജിത് പട്ടിക വര്‍ഗക്കാരനാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ട് 2008ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭിജിതിന് പട്ടിക വര്‍ഗക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാവില്ലെന്നും സംവരണാനുകൂല്യത്തിന് അര്‍ഹനല്ലെന്നുമാണ് വൈത്തിരി തഹസില്‍ദാര്‍ അറിയിച്ചത്.

2008 ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാന്‍ കുടുംബത്തിന്റെയും വ്യക്തിയുടേയും സാമൂഹിക, സാമ്പത്തിക സാഹചര്യമാണ് പരിഗണിക്കേണ്ടത് എന്നാണ് വ്യക്തമാക്കുന്നത്. സംവരണ സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ മിശ്രവിവാഹത്തിന്റെ മറവില്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നു എന്ന ഹര്‍ജിയിലായിലായിരുന്നു ഹൈക്കോതി ഉത്തരവ്.

മാതാവിന്റെ സമുദായത്തിന്റെ നിലവിലുള്ള സാമൂഹികവും വിദ്യാഭ്യാസ പരവും സാമ്പത്തികലുമായ സാഹചര്യത്തിലുള്ള കുടുംബമാണെങ്കില്‍ മാത്രമേ മാതാവിന്റെ സമുദായത്തിന്റെ സംവരണാനുകൂല്യത്തിന് മിശ്ര വിവാഹത്തിലെ മക്കള്‍ക്ക് അര്‍ഹതയുണ്ടാവൂ എന്നാണ് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, അഭിജിതിന്റെ കാര്യത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ച മാന ദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് സാഹചര്യങ്ങള്‍ എന്നായിരുന്നു അധികൃതരുടെ നിലപാട്. അഭിജിതിന്റെ മാതാവിന് സംവരണാനുകൂല്യത്താല്‍ ലഭിച്ച മികച്ച വരുമാനമുള്ള സര്‍ക്കാര്‍ ജോലിയുണ്ടെന്നതും വിദ്യാഭ്യാസ പരവും സാമൂഹികവുമായ കുടുംബത്തിന്റെ ഉന്നതിയും തടസ്സമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, എംബിബിഎസ് പഠനം വരെ അഭിജിതിന് ലഭിച്ച ജാതി സംവരണ സര്‍ട്ടിഫിക്കറ്റുകള്‍ സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നാരോപിച്ച് ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അമ്മിണി കെ വയനാട് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നു.

വിഷയം വാര്‍ത്തയിലൂടെ പൊതു ശ്രദ്ധയിലെത്തിച്ച തേജസ് ന്യൂസിന് അബിജിത്തും ആദിവാസി പ്യസ്ഥാനം അധ്യക്ഷ അമ്മിണി കെ വയനാടും അടക്കമുള്ളവര്‍ നന്ദി അറിയിച്ചു. ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വത്തിനെതിരായും അവകാശ നിഷേദത്തിനുമെതിരായ പോരാട്ടങ്ങളില്‍ ഇനിയും മുന്‍പന്തിയിലുണ്ടാവുമെന്ന് അമ്മിണി തേജസ് ന്യൂസിനയച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.

നാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനസ്‌ത്യേഷ്യാ വിഭാഗത്തില്‍ ഉപരി പഠനത്തിന് ചേരുമെന്ന് ഡോ.വിപി അഭിജിത് അറിയിച്ചു.

Next Story

RELATED STORIES

Share it