Big stories

ബസ്തറിലെ ക്രിസ്ത്യാനികള്‍ അക്രമ ഭീഷണിയില്‍

ബസ്തറിലെ ക്രിസ്ത്യാനികള്‍ അക്രമ ഭീഷണിയില്‍
X

ഛത്തീസ്ഗഢിലെ ബസ്തറിലെ എര്‍മൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഉല്ലേശ്വരി കശ്യപ് ആക്രമണം നടക്കുമ്പോള്‍ ആറ് ആഴ്ച ഗര്‍ഭിണിയായിരുന്നു. 2025 ഡിസംബര്‍ 29ന് രാവിലെ 11 മണിയോടെ, സമീപത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് പുരുഷന്മാരടങ്ങുന്ന സംഘം ക്രിസ്ത്യാനികളുടെ വീടുകളില്‍ അതിക്രമിച്ചു കയറി. എട്ട് വീടുകള്‍ ആക്രമിച്ച് കൊള്ളയടിക്കപ്പെട്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

'' എന്റെ ഭര്‍ത്താവും അനിയനും പാടത്ത് ജോലിയെടുക്കുകയായിരുന്നു. ആള്‍ക്കൂട്ടം ക്രിസ്ത്യന്‍ വീടുകളില്‍ കയറി ആളുകളെ ആക്രമിക്കാന്‍ തുടങ്ങി.'' ഉല്ലേശ്വരി പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഉല്ലേശ്വരിയെ കാങ്കര്‍ ആസ്ഥാനത്തിന് സമീപമുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നും തിരികെ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. ''2007 മുതല്‍ ഞങ്ങള്‍ ഈ ഗ്രാമത്തില്‍ താമസിക്കുന്നു. ഇങ്ങനെയൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ല. ഞങ്ങളുടെ ഗ്രാമത്തിലെ മറ്റുള്ളവര്‍ ഞങ്ങള്‍ക്കെതിരേ തിരിഞ്ഞു.'' ഉല്ലേശ്വരിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ സോമാരു കശ്യപ് ഓര്‍മ്മിക്കുന്നു.

ഡിസംബര്‍ 29ന് തന്നെ ബസ്തര്‍ എസ്പിക്ക് പരാതി നല്‍കി. വീടുകളില്‍ പാചകം ചെയ്യുകയായിരുന്ന ഭക്ഷണത്തില്‍ അക്രമികള്‍ തുപ്പുകയും ഭക്ഷ്യധാന്യങ്ങള്‍, കന്നുകാലികള്‍, കോഴിയിറച്ചി എന്നിവയുള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തതായി പരാതി പറയുന്നു. പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ പൂട്ടുതകര്‍ത്ത് വീട്ടില്‍ കയറിയെങ്കിലും അകത്തെ സാധനങ്ങള്‍ മുഴുവന്‍ കൊള്ളയടിച്ചിരുന്നു. ''കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു നടപടിയും സ്വീകരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല.''-പ്രദേശവാസിയായ രാജു കശ്യപ് പറഞ്ഞു.

പ്രദേശത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചതായി മര്‍ദം പോലിസ് അവകാശപ്പെട്ടു.

ഡിസംബര്‍ 28ന്, ഒരു ദിവസം മുമ്പ് എര്‍മൂരില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള കാങ്കറിലെ പുസാഗാവിലും സമാനമായ ഒരു ആക്രമണം നടന്നു. അവിടെ ഒരു ജനക്കൂട്ടം 13 ക്രിസ്ത്യാനികളുടെ വീടുകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

ആക്രമണം ആസൂത്രിതമാണെന്ന് തോന്നിയെന്ന് ഇരകളില്‍ ഒരാളായ പാസ്റ്റര്‍ കമലേഷ് ധ്രുവ് പറയുന്നു. ഗ്രാമത്തിലെ എല്ലാ ക്രിസ്ത്യാനികളെയും ആ ദിവസം കമ്മ്യൂണിറ്റി ഹാളിലേക്ക് മീറ്റിംഗിനായി വിളിച്ചുവരുത്തിയിരുന്നു. 'ഘര്‍ വാപ്‌സി' ചെയ്യുകയോ ഗ്രാമം വിട്ടുപോകുകയോ ചെയ്യാന്‍ ഞങ്ങളോട് പറയുക എന്നതായിരുന്നു ഉദ്ദേശ്യം. ഞങ്ങളെല്ലാം യോഗത്തിലായിരുന്നപ്പോഴാണ് ആക്രമണം നടന്നത്.

എര്‍മൂരിലെന്നപോലെ, വടികളും ദണ്ഡകളുമായെത്തിയ ജനക്കൂട്ടം ആദ്യം വീടുകള്‍ ആക്രമിക്കുകയും വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. കാങ്കര്‍ ജില്ലാ കലക്ടര്‍ക്ക് ധ്രുവ് പരാതി നല്‍കിയിട്ടുണ്ടെങ്കിലും, അദ്ദേഹവും മറ്റുള്ളവരും പോലിസില്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചു. ''അക്രമികളും നമ്മുടെ സഹോദരന്‍മാരാണ്. അവരെ കഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദൈവം നീതി നടപ്പാക്കും.''-അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളുടെ സ്വാധീനത്തില്‍, വീടുകള്‍ കൊള്ളയടിക്കുന്നതും തകര്‍ക്കുന്നതും ബസ്തറില്‍ പുതിയ പ്രവണതയായി മാറിയിട്ടുണ്ടെന്നാണ് ജാതി-വര്‍ഗീയതക്കെതിരേ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ പറയുന്നത്.

പുതിയ സംഘര്‍ഷങ്ങള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബസ്തറിലെ ഗോത്ര മേഖലകളില്‍ വര്‍ഗീയ അക്രമ സംഭവങ്ങള്‍ സാധാരണമാണെങ്കിലും, ദക്ഷിണ ഛത്തീസ്ഗഢില്‍ പുതിയ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത് ഡിസംബര്‍ 15നാണ്: 70 വയസ്സുള്ള ചമ്ര റാം സലം അന്തരിച്ച ദിവസം.

ചമ്ര റാമിന്റെ മകന്‍ രാജ്മാന്‍ ക്രിസ്ത്യാനിയും കഴിഞ്ഞ വര്‍ഷം മുതല്‍ കാങ്കറിലെ ബഡെ തെവ്ദ ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍പഞ്ചുമാണ്. കുടുംബത്തിലെ ഏക ക്രിസ്ത്യന്‍ വിശ്വാസിയാണ് അദ്ദേഹം.

പിതാവിന്റെ മരണശേഷം, രാജ്മാന്‍ ആദ്യം അദ്ദേഹത്തെ ഹിന്ദു രീതിയില്‍ ദഹിപ്പിക്കാന്‍ ശ്രമിച്ചു. ഗ്രാമവാസികള്‍ അതിനെ എതിര്‍ത്തു. അതിനാല്‍ ക്രിസ്ത്യന്‍ രീതിയില്‍ അടക്കം ചെയ്യാന്‍ ശ്രമിച്ചു. അതും അനുവദിച്ചില്ല. ഡിസംബര്‍ 16ന് തദ്ദേശീയ ആചാരങ്ങള്‍ അനുസരിച്ച് വീടിനടുത്തുള്ള സ്വന്തം സ്ഥലത്ത് അടക്കം ചെയ്തു. '' ക്രിസ്ത്യാനിയല്ലാത്ത എന്റെ സഹോദരനാണ് ക്രിയകള്‍ നടത്തിയത്. പക്ഷേ, ഗ്രാമവാസികള്‍ അതിനെയും എതിര്‍ത്തു''-രാജ്മാന്‍ പറഞ്ഞു. രാജ്മന്‍, ഭീം ആര്‍മി സംഘടനയുടെ അംഗമായതിനാല്‍ മറ്റു പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. സംഘര്‍ഷം പുറപ്പെട്ടതോടെ രാജ്മന്റെ കുടുംബം അടക്കം പ്രദേശത്തെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പലായനം ചെയ്യേണ്ടി വന്നു.

അതേസമയം, സര്‍വ് സമാജ് ഛത്തീസ്ഗഡ് എന്ന സംഘടനയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ആളുകള്‍ ആമബേദ പോലിസിനെ സമീപിച്ചു. ചമ്ര റാമിന്റെ മൃതദേഹം കുഴിച്ചെടുക്കണമെന്നായിരുന്നു ആവശ്യം. ആദിവാസികള്‍ കൂടുതലുള്ള ഒരു ഗ്രാമത്തില്‍ ഇത്തരമൊരു ശവസംസ്‌കാരം 1996 ലെ പെസ നിയമഭേദഗതിക്ക് വിരുദ്ധമാണെന്ന് അവര്‍ അവകാശപ്പെട്ടു. പരമ്പരാഗത സംസ്‌കാരങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ ആദിവാസികള്‍ക്ക് അവകാശം നല്‍കുന്ന ഭേദഗതിയാണിത്. ഈ ഭൂമിയുടെ അവകാശം ഒരു ഗോത്ര ദേവതയുടേതാണെന്നും ചിലര്‍ അവകാശപ്പെട്ടു.

പിറ്റേന്ന്, ഡിസംബര്‍ 18ന്, മൃതദേഹം കുഴിച്ചെടുക്കാന്‍ പോലിസിന്റെ ഉത്തരവോടെ ആള്‍ക്കൂട്ടം രാജ്മന്റെ വീട് ആക്രമിച്ചു. ചമ്ര റാമിന്റെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തതായി കാങ്കര്‍ പോലിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ സംഭവത്തിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ആള്‍ക്കൂട്ടം ബഡെ തെവ്ഡയിലെ രാജ്മന്റെയും മറ്റ് ക്രിസ്ത്യാനികളുടെയും സ്വത്തുക്കള്‍ക്ക് നേരെ കല്ലെറിയുന്നതും കൊള്ളയടിക്കുന്നതും വീഡിയോകളില്‍ കാണാം. ചമ്ര റാമിന്റെ മൃതദേഹം നാട്ടുകാര്‍ കുഴിച്ചെടുക്കുന്നതും വീഡിയോകളില്‍ കാണാം.

സംഘര്‍ഷം പടര്‍ന്നതോടെ, സര്‍വ് സമാജ് ഛത്തീസ്ഗഡിന്റെ ബാനറില്‍ പ്രാദേശിക ഹിന്ദുത്വ സംഘടനകള്‍ ഡിസംബര്‍ 24 ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദ് ദിനത്തില്‍ ഹിന്ദുത്വര്‍ ക്രിസ്ത്യാനികളുമായി ഏറ്റുമുട്ടി. ഛത്തീസ്ഗഡ് ചേംബര്‍ ഓഫ് കൊമേഴ്സ്, വ്യാപാരികള്‍, മറ്റ് ജാതി സംഘടനകള്‍ എന്നിവരുടെ പിന്തുണയോടെയാണ് ബന്ദ് നടന്നത്.

അതേസമയം, പെസ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായും ആര്‍എസ്എസ്, ബജ്‌റങ്ദള്‍, ബിജെപി എന്നീ സംഘടനകള്‍ വര്‍ഗീയ വിഷം തുപ്പുന്നതായും ക്രിസ്ത്യാന്‍ സമുദായ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബഡെ തെവ്ദ ഗ്രാമം കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴെയാണ്. ക്രിസ്ത്യാനികള്‍ക്കെതിരെ നിലപാടുള്ള ബിജെപിയുടെ ഭോജ് രാജ്‌നാഗാണ് എംപി. ഡിസംബര്‍ പതിനെട്ടിന് കൂടുതല്‍ ആളുകളുമായി എത്തുമെന്ന് ആര്‍എസ്എസ് അനുകൂല ഗ്രൂപ്പുകള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ അത് ചെയ്‌തെന്നും രാജ്മന്‍ പറയുന്നു.

പള്ളികള്‍ തകര്‍ക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുള്ള ബിജെപി മുന്‍ നിയമസഭാംഗം രാജാ റാം ടോഡെമാണ് മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ ബന്ദിന് ആഹ്വാനം ചെയ്ത സര്‍വ് സമാജ് ഛത്തീസ്ഗഢ് എന്ന സംഘടനയെ നയിക്കുന്നത്.

ക്രിസ്തുമതത്തെ എതിര്‍ക്കുന്നവര്‍ നിയമപരമായ മാര്‍ഗങ്ങളും നിയമങ്ങളുടെയും വിധിന്യായങ്ങളുടെയും പക്ഷപാതപരമായ വ്യാഖ്യാനങ്ങളും ഉപയോഗിച്ച് ക്രിസ്ത്യാനികളെ ഭയപ്പെടുത്തുന്നുവെന്ന് സിദ്ധ്മൂര്‍ ഗ്രാമത്തിലെ പാസ്റ്റര്‍ ബല്‍റാം കശ്യപ് പറയുന്നു.

ക്രിസ്ത്യന്‍ പാസ്റ്റര്‍മാരും പുരോഹിതന്മാരും മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള മതം മാറിയ ക്രിസ്ത്യാനികളും ഗ്രാമത്തില്‍ പ്രവേശിക്കുന്നത് നിരോധിക്കുന്ന നോട്ടിസ് 2025 ഒക്ടോബറില്‍ തന്റെ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പെസ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനമെന്നാണ് നോട്ടിസ് പറഞ്ഞിരുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മതപരമായ ആവിഷ്‌കാരത്തിനുമുള്ള മൗലികാവകാശത്തെ ചവിട്ടിമതിക്കാന്‍ പെസയെ ഉപയോഗിക്കുകയാണെന്ന് പാസ്റ്റര്‍ ബല്‍റാം പറയുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാങ്കര്‍ ജില്ലയിലെ കുറഞ്ഞത് 14 ഗ്രാമങ്ങളിലും നാരായണ്‍പൂരിലെ രണ്ട് ഗ്രാമങ്ങളിലും ഇത്തരം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. മൂന്നാം വാര്‍ഡിലെ അംഗമായിട്ടും പെസ പ്രകാരമുള്ള ഗ്രാമസഭയെ കുറിച്ച് തന്നെ ആരും അറിയിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023 മെയ് മാസത്തിലാണ് തന്റെ ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ ആദ്യമായി ആക്രമിക്കപ്പെട്ടതെന്ന് 2016 മുതല്‍ ക്രിസ്തുമതം പിന്തുടരുന്ന ഗോവിന്ദ് പറഞ്ഞു. ഗോവിന്ദും മറ്റുള്ളവരും 2023 മെയ് 31ന് ബദാന്‍ജി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ല.

ഗോവിന്ദിന്റെ അമ്മ മരിച്ചപ്പോള്‍ അടക്കം ചെയ്യാന്‍ മറ്റ് ഗ്രാമവാസികള്‍ സമ്മതിച്ചില്ല. പരാതി നല്‍കിയിട്ടും കലക്ടറോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റോ വിഷയത്തില്‍ ഇടപെട്ടില്ല. ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗം തടസ്സപ്പെടുത്തിയതിന് 2023 ജൂലൈ 16ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ചിലര്‍ പോലിസിന്റെ സഹായത്തോടെ ക്രിസ്ത്യാനികളുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചെന്നും വിളവുകള്‍ 'മോഷ്ടിച്ച് വിറ്റു' എന്നും ഗോവിന്ദ് പറയുന്നു.

നിയമപരമായ അക്രമം

ഇന്ത്യയുടെ നിയമ ചട്ടക്കൂട് മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്നു. എന്നിരുന്നാലും അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി അഭിഭാഷകനായ തഹ്‌മിന അറോറ പറയുന്നു. ഉദാഹരണത്തിന്, സമീപകാലത്തെ അക്രമങ്ങളും ശവസംസ്‌കാരങ്ങള്‍ തടസപ്പെടുത്തലും രമേശ് ബാഗേല്‍-ഛത്തീസ്ഗഡ് എന്ന കേസിലെ സുപ്രിംകോടതിയുടെ ഭിന്നവിധിയുടെ ദുരുപയോഗം മൂലമാണ് നടക്കുന്നത്. തന്റെ പിതാവ് പാസ്റ്റര്‍ സുഭാഷ് ബാഗേലിനെ ഗ്രാമത്തിലോ സ്വന്തം ഭൂമിയിലോ സംസ്‌കരിക്കുന്നതിനായി മകന്‍ സുപ്രിംകോടതി വരെ കേസ് നടത്തിയെങ്കിലും പരാജയപ്പെട്ടു.

മതപരിവര്‍ത്തനം നിയന്ത്രിക്കുന്ന ഒരു ദേശീയ നിയമവും ഇന്ത്യയില്‍ ഇല്ലെങ്കിലും കൂടുതല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ അല്ലെങ്കില്‍ മത സംരക്ഷണ നിയമങ്ങള്‍ രൂപീകരിച്ചുവരുകയാണ്. നിയമവിരുദ്ധമാണെന്ന് അവകാശപ്പെടുന്ന മതപരിവര്‍ത്തനം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് രാജസ്ഥാനിലെ നിയമം പറയുന്നത്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ ഇത്തരം നിയമങ്ങളുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജസ്ഥാനിലെ നിയമം കൂടുതല്‍ മാരകമാണ്. ഈ നിയമപ്രകാരം നിരപരാധിത്തം തെളിയിക്കേണ്ടത് ആരോപണവിധേയനാണ്. കൂടാതെ മതപരിവര്‍ത്തനം ആരോപിക്കപ്പെട്ടാല്‍ ആരോപണവിധേയരുടെ ആസ്തികള്‍ പൊളിക്കാനും നിയമം ശുപാര്‍ശ ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ നിയമത്തെ ചോദ്യം ചെയ്ത് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് 2020ല്‍ സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ വാദം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, രാജസ്ഥാനിലെ പോലെ നിയമം ശക്തിപ്പെടുത്താനാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിശ്വാസി, രോഗശാന്തി സമ്മേളനങ്ങള്‍ തടയാനുള്ള വകുപ്പും ഈ നിയമത്തിലുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

മതം മാറിയ ക്രിസ്ത്യാനികള്‍ അല്ല, മറിച്ച് വെള്ളം, വനം, ഭൂമി എന്നിവ തട്ടിയെടുക്കുന്ന കോര്‍പ്പറേറ്റ് ലാഭക്കൊതിയന്മാരാണെന്ന് തങ്ങളുടെ ശത്രുക്കളെന്ന് ആദിവാസി സമൂഹം മനസിലാക്കണമെന്നാണ് ജന്‍ സംഘര്‍ഷ് മോര്‍ച്ച ഛത്തീസ്ഗഢ് അംഗം പ്രസാദ് റാവു ആവശ്യപ്പെടുന്നത്. മാവോവാദികള്‍ പ്രദേശത്ത് നിന്ന് പിന്‍വാങ്ങി തുടങ്ങിയതോടെ പ്രകൃതിവിഭവങ്ങള്‍ തട്ടിയെടുക്കാന്‍ അധികാരികള്‍ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം വിതയ്ക്കുകയാണെന്ന് ആദിവാസി ഗ്രൂപ്പുകളും പറയുന്നു. ബസ്തറിലെ വനങ്ങളിലെ മറ്റുള്ളവരായാണ് ക്രിസ്ത്യാനികള്‍ ചിത്രീകരിക്കപ്പെടുന്നത്.

Next Story

RELATED STORIES

Share it