Big stories

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

51 യുവതികളുടെ ആധാര്‍ കാര്‍ഡും വിലാസവും വയസും പിഎന്‍ആര്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണു സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പട്ടികയില്‍ കൂടുതലും. ബിന്ദുവും കനകദുര്‍ഗയും പ്രവേശിക്കുന്നതിന് മുമ്പ് 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
X
ന്യൂഡല്‍ഹി: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. 51 യുവതികളുടെ ആധാര്‍ കാര്‍ഡും വിലാസവും വയസും പിഎന്‍ആര്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണു സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പട്ടികയില്‍ കൂടുതലും. ബിന്ദുവും കനകദുര്‍ഗയും പ്രവേശിക്കുന്നതിന് മുമ്പ് 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.





രണ്ടുപേജുള്ള പട്ടികയില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്‌തെത്തി ദര്‍ശനം നടത്തിയ 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പേരുവിവരങ്ങളാണുള്ളത്. വെര്‍ച്വല്‍ ക്യൂ വഴി അല്ലാതെയും യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, 7,564 യുവതികളാണ് ശബരിമലയിലെത്താന്‍ രജിസ്റ്റര്‍ ചെയ്തതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. രേഖപ്രകാരമുള്ള വിവരമാണ് സുപ്രിംകോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ അവ്യക്തതകളുണ്ടെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ പലരുടെയും വയസ് 50 വയസിന് മുകളിലാണെന്നാണ് ആധാര്‍ രേഖകളില്‍നിന്ന് വ്യക്തമാവുന്നത്. പട്ടികയിലെ ആദ്യപേരുകാരി പത്മാവതിയ്ക്ക് 55 വയസാണുള്ളതെന്നാണ് തിരിച്ചറിയല്‍ രേഖ.

ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ പട്ടിക നല്‍കിയത്. അതേസമയം, കൂടുതല്‍ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയത് നല്ലകാര്യമാണെന്ന് ശബരിമല ദര്‍ശനം നടത്തിയ എ ബിന്ദു പ്രതികരിച്ചു. ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കുളള മറുപടിയാണിത്. സ്ത്രീകളെത്തിയാല്‍ നടയടയ്ക്കുമെന്ന് പറഞ്ഞവര്‍ പിന്നോട്ടുപോയി. കനകദുര്‍ഗയ്ക്കും തനിക്കും സുരക്ഷനല്‍കാനുളള സുപ്രിംകോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും ബിന്ദു കണ്ണൂരില്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it