Big stories

പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്; ബിജെപി സര്‍ക്കാരിനെതിരേ ബംഗാളി ഹിന്ദുക്കള്‍

'ഞങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റുവഴികളില്ല'. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എന്‍ആര്‍സിയില്‍ നിന്ന് പുറത്തായ കുടുംബം പറഞ്ഞു.

പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്;  ബിജെപി സര്‍ക്കാരിനെതിരേ ബംഗാളി ഹിന്ദുക്കള്‍
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും വലിയ ചര്‍ച്ചയാവുന്നു. 19 ലക്ഷം ജനങ്ങളാണ് അസമില്‍ പൗരത്വ പട്ടികയില്‍(എന്‍ആര്‍സി) നിന്ന് പുറത്തായത്. ഇതില്‍ ഭൂരിപക്ഷവും ബംഗാളി ഹിന്ദുക്കളും അസമിലെ ആദിവാസി വിഭാഗങ്ങളുമാണ്. എന്‍ആര്‍സിക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ പോലും കഴിയാത്തവരാണ് ദരിദ്ര ജനവിഭാഗമായ ആദിവാസി സമൂഹം. എന്‍ആര്‍സിയില്‍ പുറത്തായതോടെ ബിജെപി സര്‍ക്കാരിനെതിരേ തിരിഞ്ഞിരിക്കുകയാണ് ഇവിടുത്ത ജനങ്ങള്‍. 'ഞങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റുവഴികളില്ല'. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എന്‍ആര്‍സിയില്‍ നിന്ന് പുറത്തായ കുടുംബം പറഞ്ഞു.

എന്നാല്‍, എന്‍ആര്‍സിയിലെ പിഴവുകള്‍ തിരുത്തുമെന്നാണ് ബിജെപിയുടെ പ്രധാനവാഗ്ദാനം.

അസമില്‍ ബിജെപി വീണ്ടും ജയിച്ചാല്‍, അതിനര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പൗരത്വ ഭേദഗതി നിയമം (സിഎഎ) സംസ്ഥാനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നു കൂടിയാണ്. മറിച്ച് ബിജെപിക്ക് അസം നഷ്ടമായാല്‍, പാര്‍ട്ടിയുടെ രാഷ്ട്രീയ പരിമിതികളെ അതു തുറന്നുകാട്ടുകയും ചെയ്യും.

2016 ലെ അസം നിയമസഭാ തിരെഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി 126 സീറ്റുകളില്‍ 60 എണ്ണം നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തിന്റെയും (എജിപി) (14), ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെയും (ബിപിഎഫ്) (12) പങ്കാളിത്തത്തില്‍ ആകെ നേടിയ സീറ്റുകള്‍ 86. കോണ്‍ഗ്രസിന് 26 സീറ്റുകളേ നേടാനായുള്ളൂ.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബിജെപി അസമില്‍ പിടി മുറുക്കുകയായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 14 സീറ്റുകളില്‍ ഒമ്പത് എണ്ണം നേടി. സംസ്ഥാനത്ത് പ്രബലമായിരുന്ന കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റുകളില്‍ ഒതുങ്ങി.

ബംഗാളിലെന്ന പോലെ അസമിലും സിഎഎ ഒരു വികാരപരമായ പ്രശ്‌നമാണ്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31 നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, െ്രെകസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വവകാശം നല്‍കുന്നതാണ് സിഎഎ. നിയമത്തില്‍ മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കിയതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ബംഗാളും അസമും സിഎഎയ്‌ക്കെതിരെ നിരന്തരം പ്രക്ഷോഭം നടത്തിയെങ്കിലും പ്രതിഷേധത്തിന്റെ സ്വഭാവം രണ്ടു സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരുന്നു. അസമില്‍, ഇന്ത്യന്‍ ഇതര ബംഗാളി ഹിന്ദുക്കളുടെ വരവിനെതിരെയായിരുന്നു പ്രതിഷേധം. ഈയിടെ, അമിത് ഷാ ബംഗാളില്‍ നടത്തിയ റോഡ്‌ഷോയ്ക്കിടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇത് സിഎഎ പ്രശ്‌നത്തെ വീണ്ടും തിരഞ്ഞെടുപ്പു വിഷയമാക്കി.

അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്‌യു), അസം അത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. എന്നാല്‍, എഎഎസ്‌യു നിലപാടിനെ തള്ളിക്കളഞ്ഞ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ, എന്‍ആര്‍സിയും സിഎഎയും ഇനി അസമിലെ ചര്‍ച്ചാവിഷയമല്ലെന്നും പറഞ്ഞു

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിയുടെ സഖ്യകക്ഷിയായ എജിപിയിലും അതൃപ്തി പുകയുന്നുണ്ട്. നിയമത്തില്‍ പ്രതിഷേധിച്ച് എജിപിയുടെ പല നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടതോടെയാണ്, എജിപി സിഎഎ വിരുദ്ധ നിലപാട് കടുപ്പിച്ചത്.

സിഎഎയെപ്പോലെ അസമിലെ മറ്റൊരു രാഷ്ട്രീയ വിഷയമാണ് ദേശീയ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ അഥവാ എന്‍ആര്‍സി. നിയമവിരുദ്ധ കുടിയേറ്റക്കാരായ ബംഗ്ലദേശികളെയെല്ലാം സംസ്ഥാനത്തുനിന്ന് തിരിച്ചയയ്ക്കുമെന്ന് 2016 ല്‍ ബിജെപി അസം ജനതയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. ആ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയും ചെയ്തു. പക്ഷേ, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള എന്‍ആര്‍സിയുടെ അന്തിമ പട്ടികയില്‍നിന്ന് 19 ലക്ഷത്തിലധികം ആളുകളാണ് പുറത്തായത്. ഇതേത്തടുര്‍ന്ന്, സംസ്ഥാനത്തെ ഹിന്ദുക്കളുള്‍പ്പെടെ എന്‍ആര്‍സിക്കെതിരെ തിരിഞ്ഞു. പട്ടിക അംഗീകരിക്കാനാവില്ലെന്നായിരുന്നു അവരുടെ പ്രഖ്യാപനം. അതോടെ സംസ്ഥാന ബിജെപിയും ചുവടുമാറ്റി.

2016 ല്‍ എന്‍ആര്‍സിയെ പിന്തുണച്ചെങ്കില്‍ 2021 ല്‍ എന്‍ആര്‍സിയെ നിരസിക്കുന്നുവെന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട്. അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ എന്‍ആര്‍സി പട്ടികയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. നിലവിലെ ഫോര്‍മാറ്റിലുള്ള എന്‍ആര്‍സി സ്വീകാര്യമല്ലെന്ന് അസം ബിജെപി പ്രസിഡന്റ് രഞ്ജിത് കുമാര്‍ ദാസ് വ്യക്തമാക്കുകയും ചെയ്തു. അതേസമയം, എന്‍ആര്‍സി വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന നിലപാടിലാണ് ബംഗാളി ഹിന്ദുക്കള്‍. തിരഞ്ഞെടുപ്പില്‍ ഇതിനെതിരേ പ്രതിഷേധം ഉയരുമെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it