Big stories

യുപി: എതിരാളികളെ ഞെട്ടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി എസ്പിയും ബിഎസ്പിയും കൈകോര്‍ത്തതോടെയാണ് കോണ്‍ഗ്രസിന് സ്വന്തമായി കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിവന്നത്. മറ്റു പാര്‍ട്ടികളുടെ പിന്തുണലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ അതിവേഗം കാര്യങ്ങള്‍ നീക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

യുപി: എതിരാളികളെ ഞെട്ടിക്കാന്‍  ഒരുങ്ങി കോണ്‍ഗ്രസ്
X
ന്യൂഡല്‍ഹി: മായാവതിയും അഖിലേഷ് യാദവും കൈവിട്ടതോടെ ഉത്തര്‍പ്രദേശില്‍ സ്വന്തം വഴിതേടി കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി എസ്പിയും ബിഎസ്പിയും കൈകോര്‍ത്തതോടെയാണ് കോണ്‍ഗ്രസിന് സ്വന്തമായി കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിവന്നത്. മറ്റു പാര്‍ട്ടികളുടെ പിന്തുണലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ അതിവേഗം കാര്യങ്ങള്‍ നീക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രചാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃയോഗം ധാരണയിലെത്തി.


80 സീറ്റുകളിലും മല്‍സരിക്കുമോ?

മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ അന്തിമ രൂപരേഖ തയ്യാറായിട്ടില്ലെങ്കിലും സംസ്ഥാനത്തെ 80 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നേതൃയോഗവും സമാന ആവശ്യമാണ് മുന്നോട്ട് വച്ചത്. അതേസമയം, മികച്ച വിജയസാധ്യതയുള്ള 25 സീറ്റില്‍ മാത്രം മല്‍സരിച്ചാല്‍ മതിയെന്നും അതുപോര 60 സീറ്റില്‍ മല്‍സരിക്കണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പ്രചാരണത്തിന് ഫെബ്രുവരിയില്‍ തുടക്കംകുറിക്കും

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനത്തെ 13 സോണുകളായി തിരിച്ച് രാഹുല്‍ ഗാന്ധി സംബന്ധിക്കുന്ന 13 മഹാസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ആറു ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്ന ഓരോ സോണിലേയും ഒരു മഹാസമ്മേളനത്തില്‍ രാഹുലിനെ പങ്കെടുപ്പിക്കും. പദ്ധതികളുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള രാജ്ബബ്ബാറും ഇന്നു യോഗം ചേരുന്നുണ്ട്.

തുടക്കം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്ന്

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നായിരിക്കും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഹാപൂര്‍, മൊറാദാബാദ്, സഹാറന്‍പൂര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ട റാലികള്‍ നടക്കും. രണ്ടു നേതാക്കളുടെയും സീറ്റ് പങ്കുവയ്ക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച് രാഹുല്‍ സൂചന നല്‍കിയത്. ഉത്തര്‍പ്രദേശ് ജനതയ്ക്ക് കോണ്‍ഗ്രസിനടുത്ത് നിരവധി വാഗ്ദാനങ്ങള്‍ ഉണ്ട്.അതിനാല്‍ തങ്ങളുടേതായ തീരുമാനം തങ്ങളെടുക്കുമെന്നും ഗാന്ധി ദൂബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ഞായറാഴ്ച രാത്രി ദുബായില്‍ നിന്നെത്തും. ഇതോടെ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിക്ക് അന്തിമ രൂപമാകും. ഒരേ സമയം ബിജെപിയെയും എസ്പിബിഎസ്പി സഖ്യത്തെയും നേരിടാന്‍ പര്യാപ്തമായ തന്ത്രമാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

മതേതര വോട്ടുകളുടെ കേന്ദ്രീകരിക്കണം ലക്ഷ്യം.

മതേതരവോട്ടുകള്‍ വികേന്ദ്രീകരണം തടയുകയെന്ന ലക്ഷ്യത്തോടെയായിരിക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കുക. ഓരോ മണ്ഡലങ്ങല്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമായും കര്‍ഷക പ്രശ്‌നങ്ങളാണ് റിപോര്‍ട്ടിലുള്ളത്. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയ മറ്റു സംസ്ഥാനങ്ങളിലെ പദ്ധതി യുപിയിലും കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നാണ് വിവരം.

പരമാവധി ആളുകളെ പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ശക്തി തെളിയിക്കാനും എസ്പിബിഎസ്പി സഖ്യത്തെ പ്രതിരോധത്തിലാക്കാനുമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എസ്പിബിഎസ്പി സഖ്യം ഇനിയും സഖ്യത്തിന് ശ്രമിച്ചേക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. പ്രമുഖരായ നേതാക്കള്‍ പ്രമുഖരായ നേതാക്കള്‍ മധ്യ യുപി, കിഴക്കന്‍ യുപി എന്നിവടങ്ങളിലെ പ്രചാരണങ്ങള്‍ക്കുള്ള പദ്ധതി ഞായറാഴ്ച തയ്യാറാക്കും. കോണ്‍ഗ്രസിന്റെ പ്രമുഖരായ നേതാക്കള്‍ യുപിയില്‍ സ്ഥാനാര്‍ഥികളാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

കര്‍മ പദ്ധതി രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിക്കും

കോണ്‍ഗ്രസ് നേതൃയോഗം തയ്യാറാക്കിയ പ്രചാരണ പദ്ധതി രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിക്കും.മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം പിന്നീട് പ്രഖ്യാപിക്കും. എസ്പി-ബിഎസ്പി സഖ്യം തീരുമാനം മയപ്പെടുത്തുമെങ്കില്‍ അക്കാര്യവും പരിഗണിക്കും.അഖിലേഷിന്റെയും മായാവതിയുടേയും തീരുമാനം അന്തിമമാണെന്ന് കരുതുന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞത്. കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തി സഖ്യം വിശാലമാക്കുമെന്നും അദ്ദേഹം കരുതുന്നു. എന്നാല്‍ ഇനി സഖ്യസാധ്യത തിരഞ്ഞ് സമയം കളയേണ്ടതില്ലെന്നാണ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. യുപിയില്‍ സഖ്യസാധ്യതകള്‍ തേടി ഒട്ടേറെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഗുലാം നബി ആയിരുന്നു.

Next Story

RELATED STORIES

Share it