Big stories

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കൂറോളമാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് ആശുപത്രിയിലെ ഓക്‌സിജന്‍ തീര്‍ന്നത്. ഏറെ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റ് നിരവധി രോഗികളുമുണ്ട്.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
X

ചെന്നൈ: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പല സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന ഓക്‌സിജന്‍ ക്ഷാമം വലിയ വെല്ലുവിളിയാവുന്നു. നിരവധി കൊവിഡ് രോഗികളാണ് പ്രാണവായു കിട്ടാതെ ആശുപത്രികളില്‍ പിടഞ്ഞുമരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും എണ്ണത്തിലുണ്ടാവുന്ന വര്‍ധന കൂടുതല്‍ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്നാണ് പുതിയ ദാരുണ സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 11 കൊവിഡ് രോഗികളാണ് പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. മരിച്ചവര്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരാണെന്നാണ് റിപോര്‍ട്ടുകള്‍.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കൂറോളമാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് ആശുപത്രിയിലെ ഓക്‌സിജന്‍ തീര്‍ന്നത്. ഏറെ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റ് നിരവധി രോഗികളുമുണ്ട്. ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇത് എന്റെ അച്ഛനാണ്, നമുക്കെല്ലാവര്‍ക്കും അദ്ദേഹം ഒരു രാജാവിനെപ്പോലെയാണ്. ധാരാളം രോഗികളുണ്ട്. ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ഡോക്ടര്‍മാര്‍ കരയുകയാണ്- അവരിലൊരാള്‍ പറയുന്നത് കേട്ടതായി തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സംഭവം നടന്ന് മൂന്നുമണിക്കൂറിന് ശേഷം പോലിസിന്റെ സഹകരണത്തോടെ ഓക്‌സിജന്‍ ആശുപത്രിയിലെത്തിച്ച സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. അന്വേഷണം നടന്നുവരികയാണെന്ന് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിശദീകരിച്ച ചെങ്കല്‍പ്പേട്ട് ജില്ലാ കലക്ടര്‍ ജോണ്‍ ലൂയിസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപിച്ചതോടെ 1,500 ലധികം ആളുകള്‍ ജില്ലയില്‍ ദിവസവും രോഗബാധിതരാവുന്നു. ചൊവ്വാഴ്ച മാത്രം 1,608 പേര്‍ക്ക് കൊവിഡ് ബാധിച്ചു. അഞ്ഞൂറിലധികം പേര്‍ ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കായി ബദലായി സര്‍ക്കാര്‍ സ്വകാര്യ ആംബുലന്‍സുകളെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെയും കല്‍ബുര്‍ഗിയിലെയും ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചിരുന്നു.

Next Story

RELATED STORIES

Share it