Big stories

ഒടുവില്‍ മമത വഴങ്ങി; പശ്ചിമബംഗാളില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു

കൃത്യമായ ഉപാധികള്‍ മുന്നോട്ടു വച്ചാണ് ഡോക്ടര്‍മാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് എത്തിയത്. ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും രണ്ട് വീതം പ്രതിനിധികളും സമരസമിതിയുടെ അധ്യക്ഷനുമടക്കം 31 ഡോക്ടര്‍മാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഒടുവില്‍ മമത വഴങ്ങി; പശ്ചിമബംഗാളില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു
X
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡോക്ടര്‍മാര്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടു. അനിശ്ചിതകാല സമരം ഏഴാം ദിവസം പിന്‍വലിച്ചു. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സുരക്ഷ ഉറപ്പ് വരുത്താമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായത്.

ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും രണ്ട് വീതം പ്രതിനിധികളും സമരസമിതിയുടെ അധ്യക്ഷനുമടക്കം 31 ഡോക്ടര്‍മാരാണ് മമതാ ബാനര്‍ജി വിളിച്ച സമവായ ചര്‍ച്ചയില്‍ പങ്കെടുത്തത്.

കൃത്യമായ ഉപാധികള്‍ മുന്നോട്ടു വച്ചാണ് ഡോക്ടര്‍മാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് എത്തിയത്. ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ കൃത്യമായ സുരക്ഷാ സന്നാഹങ്ങളോടെ മാത്രമേ ചര്‍ച്ചയ്ക്ക് വരൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ആദ്യം ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ മമതാ ബാനര്‍ജി പിന്നീട് നിലപാട് മാറ്റി. ഇതോടെ ചര്‍ച്ചയ്ക്ക് എത്തില്ലെന്ന് ഡോക്ടര്‍മാരും നിലപാടെടുത്തു. ഒടുവില്‍ വഴങ്ങിയ മമതാ ബാനര്‍ജി ഒരു പ്രാദേശിക മാധ്യമത്തെ ചര്‍ച്ച പൂര്‍ണമായും ചിത്രീകരിക്കാന്‍ അനുവാദം നല്‍കി.

ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരാതി പരിഹാരസംവിധാനം ഉറപ്പാക്കാമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. ആശുപത്രികളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും. എമര്‍ജന്‍സി വാര്‍ഡുകളുടെ കവാടത്തില്‍ ഗ്രില്ലുകളുള്ള ഗേറ്റുകളും സ്ഥാപിക്കുമെന്നും മമത ഉറപ്പ് നല്‍കി.

പശ്ചിമബംഗാളില്‍ സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക ഒപി പണിമുടക്കാണ് നടന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് മണിക്കൂറും, സ്വകാര്യ ആശുപത്രികളില്‍ പൂര്‍ണ ഒപി ബഹിഷ്‌കരണവും നടന്നു.

ജൂണ്‍ 12ാം തീയതി കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചത് ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല സമരം.

പരിബാഹ മുഖോപാധ്യായ എന്ന ജൂനിയര്‍ ഡോക്ടര്‍ക്ക് ബന്ധുക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കടിയേറ്റ് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ പരിബാഹ അതേ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിബാഹ അപകട നില തരണം ചെയ്‌തെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സമരസമിതി അറിയിച്ചു.

Next Story

RELATED STORIES

Share it