Big stories

ബിഹാര്‍ വ്യാജമദ്യ ദുരന്തം; മരണസംഖ്യ 30 ആയി

ബിഹാര്‍ വ്യാജമദ്യ ദുരന്തം; മരണസംഖ്യ 30 ആയി
X

പട്‌ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ചികില്‍സയിലുള്ള പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. സരന്‍ ജില്ലയിലെ മര്‍ഹൗറ സബ് ഡിവിഷനിലെ മസ്രാഖ് ബ്ലോക്കിലെ മൂന്ന് ഗ്രാമങ്ങളിലെ ആളുകളാണ് വ്യാജമദ്യദുരന്തത്തിന് ഇരയായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപോര്‍ട്ടുണ്ട്.

22 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. 50ലധികം പേര്‍ വ്യാജമദ്യം കഴിച്ചതായി മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. വ്യാജമദ്യ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രതികളെ പിടികൂടാന്‍ റെയ്ഡ് നടത്തുകയാണെന്ന് സരണ്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് മീണ എഐആറിനോട് പറഞ്ഞു. 30 പേരെ ചോദ്യം ചെയ്യുന്നതിനായി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മീണ പറഞ്ഞു. സംഭവം ഇന്നലെ ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിന് കാരണമായി.

മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. സംസ്ഥാനത്തെ മദ്യനിരോധനത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിടുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ നിതീഷ്‌കുമാര്‍ ആഞ്ഞടിക്കുകയും ചെയ്തു. ബിഹാറില്‍ ഈ വര്‍ഷം, ഒമ്പത് വ്യാജമദ്യ ദുരന്തങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സരനില്‍ മാത്രം അമ്പതോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Next Story

RELATED STORIES

Share it