- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുസ്തക പരിചയം: '' ക്രിസ്തു അവശിഷ്ടങ്ങളില്‍: വിശ്വാസം, ബൈബിള്‍, ഗസയിലെ വംശഹത്യ''

2025 മാര്‍ച്ച് അവസാന വാരത്തില്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകം ലോകശ്രദ്ധ നേടുകയാണ്. വെസ്റ്റ് ബാങ്കിലെ പാസ്റ്ററും എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനുമായ മുന്‍തര്‍ ഐസക്കിന്റെ Christ in the Rubble: Faith, the Bible, and the Genocide in Gaza എന്ന കൃതിയാണ് ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാവുന്നത്.
പുസ്തകത്തിന്റെ പേര് രൂപകഭംഗി കൊണ്ടു തന്നെ അത്യധികം ആകര്‍ഷകമാണ്. പുറംചട്ടയും മനോഹരം. കല്‍ച്ചീളുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഫിയ പുതച്ച കുഞ്ഞ്, ഉണ്ണിയേശുവിന്റെ രൂപത്തോട് സാധര്‍മ്യം പ്രാപിച്ച് ഗ്രന്ഥനാമത്തെ സാര്‍ഥമാക്കുക മാത്രമല്ല, പുറംചട്ടയുടെ ദൃശ്യഗരിമയിലൂടെ അനുവാചകനെ ഗസയിലെ സമകാല ദുരന്തങ്ങളിലേക്ക് കണ്‍പായിക്കാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്യുന്നു.
ബത്‌ലഹേമിലെ ഒരു അവശിഷ്ടക്കൂമ്പാരത്തില്‍ ഉണ്ണിയേശു പിറന്നു കിടക്കുന്നതായി കാണിക്കുന്ന ഇവാഞ്ജലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിന്റെ ചിത്രത്തില്‍ നിന്നാണ് പുസ്തകത്തിന്റെ പേര് രൂപപ്പെട്ടത്.
പുസ്തകം, ഗസയ്ക്കും മുഴുവന്‍ ഫലസ്തീനികള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്.
ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ തകരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്ന് കുട്ടികളെ പുറത്തെടുക്കുന്നതിന്റെ ഭീകരതയെയും അതിനോടൊപ്പമുള്ള ധര്‍മപ്രഭാഷണത്തെയും പ്രതിഫലിപ്പിക്കുന്നതു കൂടിയാണ് ഗ്രന്ഥം. ഐസക്കിന്റെ പുസ്തകം വ്യക്തമാക്കുന്നതുപോലെ, അവശിഷ്ടങ്ങള്‍ക്കടിയില്‍ ക്രിസ്തുവിന്റെ രൂപകത്തിന് പുറമേ മറ്റു പലതുമുണ്ട്.ഗസയിലെ നിരവധി ഫലസ്തീനികളെ ആരും കാണുന്നില്ല. ഇസ്രായേല്‍ ബോംബിട്ട വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവര്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.
മറ്റെല്ലാവരെയും പോലെ, ക്രിസ്ത്യാനികളും ക്രിസ്ത്യന്‍ നേതാക്കളും ഇസ്രായേലിന്റെ ക്രൂരതയ്‌ക്കെതിരേ ശബ്ദമുയര്‍ത്തണം. ഫലസ്തീനികളുടെ ആഖ്യാനങ്ങളെയും അതിന്റെ പ്രചാരണത്തെയും തടയുന്ന രാഷ്ട്രീയവും ദൈവശാസ്ത്രവുമാണ് പലവിധത്തില്‍ സഭയെ ഭരിക്കുന്നതെന്ന് മുന്‍തര്‍ ഐസക്ക് ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേലിന്റെ കൊളോണിയല്‍ ആഖ്യാനത്തിന് ക്രിസ്തീയ സമൂഹം വഴങ്ങരുതെന്ന് വാദിക്കുന്ന ഐസക്കിന്റെ പുസ്തകം, സയണിസ്റ്റ് കൊളോണിയലിസത്തിന് കീഴിലുള്ള ഫലസ്തീനികളുടെ അനുഭവം മാത്രമല്ല, എല്ലാ ഫലസ്തീനികളും കൊളോണിയലിസത്തിന് കീഴിലാണ് ജീവിക്കുന്നതെന്നും ഗസയിലെ എല്ലാ ഫലസ്തീനികളും വംശഹത്യ അനുഭവിക്കുന്നുണ്ടെന്നും ഓര്‍മിപ്പിക്കുന്നു.
വിഷയത്തില്‍ ക്രിസ്ത്യന്‍ വീക്ഷണത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. ഗസയിലെ എല്ലാ ഫലസ്തീനികളും മുസ്‌ലിംകളാണെന്ന മുഖ്യധാരാ വ്യാഖ്യാനം തെറ്റാണെന്ന് മുന്‍തര്‍ എഴുതുന്നു.
'ഇന്ന് ഗസയില്‍, മറ്റെല്ലാ ഗസക്കാരെയും പോലെ ക്രിസ്ത്യാനികളും ഒരു പ്രതികാര യുദ്ധത്തിന്റെ ഇരകളാണ്. ഫലസ്തീനില്‍ ക്രിസ്ത്യാനികളുണ്ടെന്ന് അറിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പലരും ഞെട്ടിപ്പോയി. ക്രിസ്ത്യാനികള്‍ക്കെല്ലാം കൂടിയൊരു വക്താവുണ്ടെന്നും കൂടി കേട്ടപ്പോള്‍ കൂടുതല്‍ ആശ്ചര്യപ്പെട്ടു.'''-മുന്‍തര്‍ ഐസക് എഴുതുന്നു.
ഗസയിലെ അധിനിവേശത്തെ വെറുമൊരു അധിനിവേശമായി വിവരിക്കുന്നത് പോലും തെറ്റാണെന്നാണ് പുസ്തകം പറയുന്നത്. ഭൂതകാലത്തെയും വര്‍ത്തമാനത്തെയും സൂക്ഷ്മമായും സത്യസന്ധമായും വായിച്ചാല്‍ അധിനിവേശ കൊളോണിയലിസത്തെ കണ്ടെത്താന്‍ കഴിയും. ഫലസ്തീനികള്‍ അനുഭവിച്ച വിപുലമായ കൊളോണിയല്‍ അധിനിവേശത്തെയും ഗസയിലെ ഇസ്രായേലി ഉപരോധത്തെയും മനസ്സിലാക്കാന്‍ സയണിസ്റ്റ് കുടിയേറ്റ കൊളോണിയലിസത്തെക്കുറിച്ച് ഐസക്ക് വിശദീകരിക്കുന്നുണ്ട്. ഹമാസ് ഇസ്രായേലി കൊളോണിയലിസത്തോടുള്ള പ്രതികരണമാണെന്നാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപാട്.
''ഹമാസിനെ നശിപ്പിക്കണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ അധിനിവേശവും വര്‍ണവിവേചനവും ഒഴിവാക്കണം.''- മുന്‍തര്‍ ഐസക് പറയുന്നു. നിരായുധ ചെറുത്തുനില്‍പ്പിനെയാണ് ഐസക്ക് അനുകൂലിക്കുന്നത്. പക്ഷേ, സായുധ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലം അദ്ദേഹം വിശദീകരിക്കുന്നു.
'' അഹിംസാപരമായ ചെറുത്തുനില്‍പ്പിന്റെ ചരിത്രമുള്ള ഇന്നത്തെ കൊളോണിയലിസ്റ്റുകളും അവരുടെ സഖ്യകക്ഷികളും ഫലസ്തീനികളോട് അഹിംസയെ കുറിച്ചും നയതന്ത്രത്തെ കുറിച്ചും ക്ലാസ് എടുക്കുന്നു എന്നതാണ് ദാരുണമായ വിരോധാഭാസം.''
ഗസയിലെ വംശഹത്യയെ കുറിച്ച് താന്‍ പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ നേതാക്കളുമായി സംസാരിച്ചിട്ടും അവര്‍ വംശഹത്യയെ അപലപപിക്കാന്‍ മടിച്ചതും മൗനം പാലിച്ചതുമെല്ലാം പുസ്തകത്തില്‍ മുന്‍തര്‍ കുറിച്ചിട്ടുണ്ട്. ഇതൊന്നും ശൂന്യതയില്‍ നിന്ന് സംഭവിക്കുന്നതല്ല. മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ സംഭവങ്ങളെ കുറിച്ചുള്ള ഇസ്രായേലിന്റെ കൊളോണിയല്‍ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. ഫലസ്തീനികളെ സ്ഥിതിവിവരക്കണക്കുകളാക്കി മനുഷ്യരല്ലാതാക്കി മാറ്റിയും ഇസ്രായേലികളുടെ പേരും ചിത്രവും നല്‍കി അവരെ മനുഷ്യരാക്കിയുമാണ് ഇത് ചെയ്യുന്നത്.
മതേതര ജൂത സയണിസത്തിന് മുമ്പുള്ള ക്രിസ്ത്യന്‍ സയണിസം ഇസ്രായേലിന്റെ കൊളോണിയല്‍ അക്രമത്തിന്റെ ഏറ്റവും വലിയ ലോബിയിങ് ഗ്രൂപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വംശഹത്യക്ക് പ്രേരണ നല്‍കുന്ന ക്രിസ്ത്യന്‍ സയണിസ്റ്റ് നേതാക്കളെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
''യുദ്ധത്തിലും അക്രമത്തിലും മുഴുകിയിരിക്കുന്ന അമേരിക്കന്‍ സുവിശേഷകരെ മനസ്സിലാക്കാന്‍ പശ്ചിമേഷ്യന്‍ ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടാണ്.'' ഐസക് പറയുന്നു. ചില ഇവാഞ്ജലിക്കല്‍ പാസ്റ്റര്‍മാര്‍ ഗസയ്ക്കുള്ള മാനുഷിക സഹായത്തിനെതിരേ നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം യൂറോപിലെ സഭകള്‍ ഇസ്രായേലി ആഖ്യാനത്തെ അംഗീകരിച്ചുകൊണ്ട് ഫലസ്തീനികളോടുണ്ടാവേണ്ട ഐക്യദാര്‍ഢ്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.
സയണിസ്റ്റുകളുടെ ബൈബിള്‍ വിവരണം കൊളോണിയലിസത്തെയും വംശഹത്യയെയും മതപരമായ പശ്ചാത്തലത്തിലാക്കുന്നതാണെന്ന് ഐസക് പറയുന്നു. ബൈബിളിലെ യേശുവിന്റെ മാതൃകയെ അടിസ്ഥാനമാക്കി അനീതിക്കെതിരേ പ്രവര്‍ത്തിക്കാത്ത ആത്മീയതയില്‍നിന്ന് ക്രിസ്ത്യന്‍ സഭ മാറിനില്‍ക്കണമെന്നും ഐസക് ആഹ്വാനം ചെയ്യുന്നു.
''ആധിപത്യത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ക്കിരയായ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് അനീതി കാണുമ്പോള്‍ തന്നെ മനസ്സിലാവും. അതിനാലാണ് ലോകത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളും കോളനിവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം കാണിക്കുന്നത്.''
ക്രിസ്ത്യന്‍ മൂല്യങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനമാണ് ഈ പുസ്തകം. എന്നിരുന്നാലും അതിന്റെ സന്ദേശത്തിന് സാര്‍വത്രിക സ്വഭാവമുണ്ട്. വിശ്വാസം പരിഗണിക്കാതെ കൊളോണിയലിസത്തിനും വംശഹത്യക്കും എതിരേ നിലകൊള്ളാനുള്ള സന്ദേശം മറ്റ് മതങ്ങള്‍ക്ക് പുസ്തകം നല്‍കുന്നു. പല പാശ്ചാത്യ സഭാ നേതാക്കളും വംശഹത്യയെ ന്യായീകരിച്ചിട്ടുണ്ട്.
''സഭ സത്യം ത്യജിക്കുമ്പോള്‍, നമ്മുടെ ക്രിസ്തീയ സാക്ഷ്യത്തിന് എന്തോ ഗുരുതരമായ പിശകുണ്ട്.'-ഐസക് എഴുതുന്നു. വംശഹത്യയില്‍ സന്തോഷമുള്ളവര്‍ക്കും മനസ്സുകൊണ്ടു പോലും അതില്‍ പങ്കാളികളാവുന്നവര്‍ക്കും ഇത് ബാധകമാക്കാം.
മൂര്‍ച്ചയുള്ള ഭാഷയിലൂടെ മുന്‍തര്‍ വായനയെ ആവേശഭരിതമാക്കുന്നുണ്ട്. ഹൃദയത്തില്‍നിന്നുള്ള നിലവിളിയും ക്രിസ്ത്യന്‍ പാസ്റ്ററില്‍നിന്നും ദൈവശാസ്ത്രജ്ഞനില്‍നിന്നുമുള്ള പ്രവര്‍ത്തന ആഹ്വാനവുമാണ് ഈ കൃതി.
മുഖ്യധാരാ ക്രിസ്ത്യാനികള്‍ ആധുനിക ഇസ്രായേല്‍ രാഷ്ട്രത്തെ വിമര്‍ശനാത്മകമായി സ്വീകരിക്കുന്നതിനെ മുന്‍തര്‍ ഐസക് വെല്ലുവിളിക്കുന്നു. ഗസയിലെ പ്രശ്‌നങ്ങള്‍ 2023 ഒക്ടോബര്‍ 7ന് ശേഷം ആരംഭിച്ചതല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടത്തേക്കാള്‍ മോശവും ഭയാനകവുമായ കൊളോണിയല്‍ പദ്ധതിയാണ് ഇസ്രായേലെന്ന് അദ്ദേഹം പറയുന്നു.
സയണിസത്തിന്റെ വംശഹത്യാ പദ്ധതി, കൊളോണിയലിസം, വംശീയത, സാമ്രാജ്യത്തം എന്നിവയ്‌ക്കെതിരേ ശരിയായ ക്രിസ്ത്യന്‍ ദൈവശാസ്ത്ര വിമര്‍ശനം കൊണ്ടുവരുന്നതില്‍ സഭകള്‍ പരാജയപ്പെടുന്നുവെന്ന് തിരിച്ചറിയാന്‍ അദ്ദേഹം വായനക്കാരോട് അഭ്യര്‍ഥിക്കുന്നു. ഫലസ്തീന്‍ ജനതയുടെ നാശത്തില്‍ ക്രിസ്ത്യാനികള്‍ പങ്കാളികളായതില്‍ പശ്ചാത്തപിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അക്രമം നടത്തുന്നവരുടെ കൂട്ടത്തിലല്ല, മറിച്ച് യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചിടപ്പെട്ട ഇരകളുടെ കൂട്ടത്തിലാണ് ക്രിസ്തുവിനെ കണ്ടെത്താന്‍ കഴിയുന്നത് എന്നദ്ദേഹം സമര്‍ഥിക്കുന്നു. അവരുടെ വിശ്വാസങ്ങളെയും പ്രവൃത്തികളെയും ക്രിസ്തുവിന്റെ നിലപാടുകള്‍ക്കൊപ്പമാക്കാന്‍ അദ്ദേഹം അവരെ വെല്ലുവിളിക്കുന്നു.
1979ല്‍ ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള ബെയ്ത് സഹൂറിലാണ് മുന്‍തര്‍ ഐസക്കിന്റെ ജനനം. മന്‍ഹര്‍ ഇസ്ഹാഖ് എന്നാണ് പ്രാദേശിക ഭാഷയില്‍ ഈ പേര് ഉച്ചരിക്കപ്പെടുന്നത്.
മിഷിഗണ്‍ ആസ്ഥാനമായ ഈര്‍ഡ്‌സ്മാന്‍ ആണ് പുസ്തകത്തിന്റെ പ്രസാധകര്‍
RELATED STORIES
പാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
21 Jun 2025 11:36 AM GMTനാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ
21 Jun 2025 10:45 AM GMTഗുരുതര വീഴ്ച; മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
21 Jun 2025 10:27 AM GMTസ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMT