Big stories

ഏഷ്യാനെറ്റ് ദേശ വിരുദ്ധമെന്ന്; നിസ്സഹകരണം തുടങ്ങിയെന്ന് ബിജെപി

കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദേശവിരുദ്ധ സമീപനം അതിൻ്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്.

ഏഷ്യാനെറ്റ് ദേശ വിരുദ്ധമെന്ന്; നിസ്സഹകരണം തുടങ്ങിയെന്ന് ബിജെപി
X

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെ ദേശവിരുദ്ധരാക്കി ചിത്രീകരിച്ച് ബിജെപി കേരള ഘടകം. ബിജെപി സംസ്ഥാന സമിതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും ബിജെപി നിസ്സഹകരണം ആരംഭിച്ചെന്നും കാണിച്ച് പ്രസ്താവനയിറക്കിയത്.

കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദേശവിരുദ്ധ സമീപനം അതിൻ്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച പ്രേക്ഷകരുടെ ചോദ്യത്തിനു പരിധിവിട്ട രീതിയില്‍ മറുപടി നല്‍കിയെന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ലേഖിക പിആര്‍ പ്രവീണയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ബലാല്‍സംഗം ചെയ്യുമെന്നും കൊല്ലുമെന്നും സംഘപരിവാരം ഭീഷണിപ്പെടുത്തിയിരുന്നു.

ബംഗാളിലെ അതിക്രമങ്ങളെ കുറിച്ച് ഏഷാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫിസിലേക്ക് ഫോണില്‍ വിളിച്ചു ചോദിച്ചയാളോട് കൊറോണ കാരണം ഓക്‌സിജന്‍ കിട്ടാത്ത വാര്‍ത്തയാണ് ഞങ്ങള്‍ കൊടുക്കുന്നതെന്നായിരുന്നു മറുപടി നല്‍കിയത്. പിആര്‍ പ്രവീണയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഘപരിവാരം വ്യാപകമായ തോതില്‍ ഭീഷണിയുമായി രംഗത്തെത്തിയതോടെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും പി ആര്‍ പ്രവീണയും സാമൂഹിക മാധ്യമത്തിലൂടെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

ദേശവിരുദ്ധരായി ചിത്രീകരിച്ച് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സംഘപരിവാരത്തിന്റെ ഉത്തരേന്ത്യൻ മോഡലിലാണ് ഇപ്പോൾ ബിജെപി കേരള ഘടകം ഏഷ്യാനെറ്റിന് നേരെ തിരിഞ്ഞിരിക്കുന്നത്. പിആർ പ്രവീണയ്ക്ക് നേരെയുണ്ടായ വധഭീഷണിയും ബലാൽസം​ഗ ഭീഷണിയും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടുകൂടിയാണെന്നതിന് കൂടുതൽ തെളിവാണ് ഇന്നത്തെ പ്രസ്താവന.

Next Story

RELATED STORIES

Share it