വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയായ നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പോലിസ് അറസ്റ്റ് ചെയ്തു. അനീഷിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലിസ് പറയുന്നു.

Update: 2022-09-06 04:56 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയായ നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പോലിസ് അറസ്റ്റ് ചെയ്തു. അനീഷിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലിസ് പറയുന്നു.

പുലര്‍ച്ചെ നിഖിലയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ എത്തുന്നത്. തലയ്ക്ക് അടിയേറ്റ് കിടക്കുന്ന നിഖിലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വാക്കുതര്‍ക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. മൃതദേഹം സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. നിഖിതയുടെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്ന് മാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്. അനീഷിന് വിദേശത്തായിരുന്നു ജോലി. ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഇരുവരും വര്‍ക്കലയിലെ അനീഷിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പോലിസിന് നല്‍കിയ മൊഴി. അനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് പോലിസ് പറഞ്ഞു.


Tags: