കശ്മീരിനെ വലിച്ചുകീറിയല്ല ദേശീയോദ്ഗ്രഥനം സാധ്യമാക്കേണ്ടത്: രാഹുല്‍ ഗാന്ധി
ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലില്‍ അടച്ചും നമ്മുടെ ഭരണഘടനയെ ലംഘിച്ചും അല്ല ദേശീയോദ്ഗ്രഥനം സാധ്യമാക്കേണ്ടത്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിര്‍മ്മിച്ചതാണ്.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ''ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലില്‍ അടച്ചും നമ്മുടെ ഭരണഘടനയെ ലംഘിച്ചും അല്ല ദേശീയോദ്ഗ്രഥനം സാധ്യമാക്കേണ്ടത്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിര്‍മ്മിച്ചതാണ്. അല്ലാതെ വെറും ഭൂമികളുടെ തുണ്ടുകള്‍ കൊണ്ടല്ല. അധികാര ദുര്‍വിനിയോഗം ദേശീയ സുരക്ഷയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും''- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയത്തില്‍ രാഷ്ട്രപതിയുടെ വിജ്ഞാപനം വരികയും ബില്ല് രാജ്യസഭയില്‍ പാസാക്കുകയും ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് രാഹുല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. അപ്രതീക്ഷിതമായി കൊണ്ടുവരപ്പെട്ട ബില്ലിന്‍മേല്‍ ഒരു നിലപാടില്ലാതെ നട്ടം തിരിയുകയായിരുന്നു കോണ്‍ഗ്രസ്.
സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരിച്ചട്ടില്ല. ബില്ലിന്‍മേല്‍ നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം ഇന്നു വൈകുന്നേരം വിളിച്ചിട്ടുണ്ട്. അതേസമയം, മുതിര്‍ന്ന പല നേതാക്കളും കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസിന് തലവേദനയായി.
കശ്മീര്‍ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുന്‍നിര്‍ത്തിയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രതിരോധം നടത്തിയത്. ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
അതേ സമയം, മുതിര്‍ന്ന ചില നേതാക്കളും മുന്‍ എംപിമാരും മുതിര്‍ന്ന നേതാക്കളും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസിന് തലവേദനയായി. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു, അന്നത്തെ മുഖ്യമന്ത്രി ശെയ്ഖ് അബ്ദുല്ലയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക ശേഷമാണ് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവായി അനുച്ഛേദം 370 ഭരണഘടനയോട് ചേര്‍ക്കുന്നത്. നെഹ്‌റുവിന്റെ ആ തീരുമാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി തള്ളിപ്പറഞ്ഞു. ആ നീക്കം ''ചരിത്രപരമായ തെറ്റാണെ''ന്നാണ് ദ്വിവേദി പറഞ്ഞത്.
''ഇതൊരു പഴയ പ്രശ്‌നമാണ്. സ്വാതന്ത്യത്തിന് ശേഷം, പല സ്വാതന്ത്ര്യ സമരസേനാനികളും 370 വേണ്ടെന്ന നിലപാടിലായിരുന്നു. എന്റെ രാഷ്ട്രീയഗുരു ഡോ. രാം മനോഹര്‍ ലോഹ്യ ഈ അനുച്ഛേദത്തിനെതിരായിരുന്നു. ഇത് രാജ്യത്തിനാകെ സംതൃപ്തിയുണ്ടാക്കുന്ന തീരുമാനമാണെന്നാണ് വ്യക്തിപരമായി എന്റെ നിലപാട്''- ജനാര്‍ദ്ദന്‍ ദ്വിവേദി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു ജനാര്‍ദ്ദന്‍ ദ്വിവേദി. കഴിഞ്ഞ കുറച്ചു കാലമായി പാര്‍ട്ടിയ്ക്ക് വിഭിന്നമായ നിലപാട് സ്വീകരിച്ചുവരുന്ന ദ്വിവേദി, നോട്ട് നിരോധനത്തെയും സ്വാഗതം ചെയ്തിരുന്നു.
അതേസമയം, ഹരിയാനയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ എസ് ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തി. ''370ാം അനുച്ഛേദം ഭരണഘടനയില്‍ വേണ്ടതില്ലെന്നാണ് എന്റെയും വ്യക്തിപരമായ അഭിപ്രായം. ഇത് ദേശതാല്‍പ്പര്യത്തിന് അനുകൂലമായ തീരുമാനമാണ്. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാവുകയാണ്. സമാധാനപരമായി ഈ നീക്കം നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഈ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്'', ഹൂഡ ട്വിറ്ററില്‍ കുറിച്ചു.
വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ഭുബനേശ്വര്‍ കലിത സ്ഥാനം രാജിവച്ചിരുന്നു. കോണ്‍ഗ്രസ് തന്നോട് വിപ്പ് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, അത് ദേശീയ താല്‍പര്യത്തിനെതിരാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

