അഴിമതി: ഖത്തര്‍ ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

അധികാര ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ ആരോപണങ്ങളില്‍ ചോദ്യം ചെയ്യാനാണ് പ്രോസിക്യൂട്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്.

Update: 2021-05-06 16:12 GMT

ദോഹ: സാമ്പത്തിക തിരിമറി, അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ഖത്തര്‍ ധനകാര്യ മന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഖത്തര്‍ അറ്റോര്‍ണി ജനറല്‍. അധികാര ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ ആരോപണങ്ങളില്‍ ചോദ്യം ചെയ്യാനാണ് പ്രോസിക്യൂട്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്.

മന്ത്രിക്കെതിരേ പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തിയത് സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് ഈ നടപടിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ അറിയിച്ചു.ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ വളര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിച്ച അല്‍ ഇമാദി 2013 മുതല്‍ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയാണ്. 2013 ജൂണില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി രാജ്യ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇമാദിയെ ധനമന്ത്രിയായി തിരഞ്ഞെടുത്തത്.

ഖത്തര്‍ നാഷണല്‍ ബാങ്ക് ബോര്‍ഡ് ചെയര്‍മാനായും പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ബോര്‍ഡ് അംഗവുമാണ്. കേസില്‍ കൂടുതല്‍ വിശദാംശങ്ങളൊന്നും ലഭ്യമല്ല. അടുത്തിടെ, അല്‍ഇമാദിയെ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക വിദേശ ധനകാര്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നത് ഇവിടെയാണ്.

Tags: