പുല്‍വാമ ആക്രമണത്തില്‍ സംശയം; ഉന്നതതല അന്വേഷണം വേണമെന്നും കാനം

സിപിഐയുടെ സീറ്റുകളില്‍ ചിലയിടത്ത് സ്വതന്ത്രര്‍ മല്‍സരിക്കുമെങ്കിലും നാലിടത്തും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാവും മല്‍സരം

Update: 2019-02-20 09:37 GMT

കണ്ണൂര്‍: കശ്മീരിയിലെ പുല്‍വാമയിലുണ്ടായ ആക്രമണം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും സത്യം പുറത്തുവരാന്‍ ഉന്നതതല അന്വേഷണം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു. എല്‍ഡിഎഫ് നടത്തുന്ന കേരള സംരക്ഷണയാത്രയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണയായി കോണ്‍വോയ് കടന്നുപോവുമ്പോള്‍ സിവിലിയന്‍ വാഹനങ്ങള്‍ തടഞ്ഞുവയ്ക്കുകയാണു പതിവ്. ഇവിടെ എന്തുകൊണ്ടു കടത്തിവിട്ടു എന്നത് സംശയമുയര്‍ത്തുന്നതാണ്. ഇതിനെ കുറിച്ചെല്ലാം ഉന്നതതല അന്വേഷണം വേണം. നരേന്ദ്ര മോദി പല നാടകങ്ങളും കളിക്കുന്നയാളാണ്. ബിജെപിക്കെതിരേ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ എന്ന ചോദ്യത്തിന്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ നിലപാട് കൊണ്ട് ദേശീയരാഷ്ട്രീയത്തില്‍ ഒരു ശൂന്യതയും ഉണ്ടാവില്ലെന്നായിരുന്നു മറുപടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. 2004ല്‍ പരസ്പരം മല്‍സരിച്ചശേഷമാണു കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി ഐക്യമുണ്ടാക്കിയതും സര്‍ക്കാര്‍ രൂപീകരിച്ചതും. മഴ പെയ്യുന്നുവെന്നു കരുതി ഇപ്പഴേ മുണ്ട് മാടിക്കുത്തേണ്ടല്ലോ. എന്നാല്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പിനു മുമ്പ് യാതൊരു സഖ്യത്തിനുമുല്ല. ചില സംസ്ഥാനങ്ങളില്‍ സീറ്റ് ധാരണയുണ്ടാവാം. അതു പക്ഷേ രാഷ്ട്രീയ സഖ്യമല്ല. കേരളത്തില്‍ സിപിഐയുടെ സീറ്റുകളില്‍ ചിലയിടത്ത് സ്വതന്ത്രര്‍ മല്‍സരിക്കുമെങ്കിലും നാലിടത്തും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാവും മല്‍സരം. സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിച്ചിട്ടില്ല. ഭിന്നതയുള്ളതിനാലാണ് രണ്ടു പാര്‍ട്ടിയായി നില്‍ക്കുന്നത്. ഭിന്നതകള്‍ മാറി യോജിച്ച പാര്‍ട്ടി എന്നതാണു സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News