ഗാന്ധി രാഷ്ട്രത്തിന്‍റെ മകനെന്ന് പ്രജ്ഞ സിംഗ് താക്കൂർ; മലേഗാവ് സ്‌ഫോടനക്കേസ് പ്രതി വീണ്ടും വിവാദത്തിൽ

എന്തുകൊണ്ട് ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോഴായിരുന്നു വിവാദമായ പരാമര്‍ശം പ്രജ്ഞ സിംഗ് നടത്തിയത്.

Update: 2019-10-21 09:57 GMT

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി രാഷ്ട്രത്തിന്‍റെ മകനെന്ന് പ്രജ്ഞ സിംഗ് താക്കൂർ. നിരന്തരം വിദ്വേഷ പ്രസ്താവനയിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂര്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഹാത്മാ ഗാന്ധി രാഷ്ട്രത്തിന്‍റെ പുത്രനാണെന്ന പ്രസ്താവനന പ്രജ്ഞ സിംഗ് നടത്തിയത്.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനം വര്‍ഷം മുഴുവന്‍ ആഘോഷിക്കുകയാണ് ബിജെപി തീരുമാനം. ഇതിനായി നഗരങ്ങളിലുടനീളം ഗാന്ധി സങ്കല്‍പ്പ് യാത്ര നടത്തുന്നുണ്ട് ബിജെപി. എന്നാല്‍ ഇതുവരെയും പ്രജ്ഞ സിംഗ് താക്കൂര്‍ ഈ യാത്രകളുടെ ഭാഗമായിട്ടില്ല.

എന്തുകൊണ്ട് ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോഴായിരുന്നു വിവാദമായ പരാമര്‍ശം പ്രജ്ഞ സിംഗ് നടത്തിയത്. ഗാന്ധി രാജ്യത്തിന്‍റെ മകനാണ്. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നു. അതില്‍ കൂടുതല്‍ വിശദീകരണത്തിന്‍റെ ആവശ്യമില്ലെന്നാണ് പ്രജ്ഞ സിംഗ് പറഞ്ഞത്.

2019 ല്‍ ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ് ഭോപ്പാലില്‍ നിന്ന് പ്രജ്ഞ സിംഗ് ജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്സെയെ സ്തുതിച്ചത് വലിയ വിവാദമായിരുന്നു. ഗോഡ്സെ രാജ്യസ്നേഹിയാണെന്നായിരുന്നു അവരുടെ പ്രസ്താവന.

Tags:    

Similar News