പൗരത്വ പ്രക്ഷോഭം: പൊതുതാല്‍പര്യഹര്‍ജി നല്‍കിയ യുവാവിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു

പലതവണ ആവശ്യപ്പെട്ടിട്ടും അറസ്റ്റിന്റെ കാരണം കുടുംബത്തോട് പറഞ്ഞിട്ടില്ല. മകനെ ഏത് പോലിസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നത് എന്ന് പറയാന്‍ പോലും പോലിസ് തയ്യാറായില്ല.

Update: 2020-06-06 02:38 GMT

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്ത ഗാസിയാബാദിലെ മുഹമ്മദ് ഷഹസാദ് എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 5 ന് വൈകീട്ട് 4:30 ന് ഗാസിയാബാദ് ജില്ലയിലെ നെക്പൂരിലുള്ള വസതിയില്‍ നിന്ന് നാല്‍പതോളം പോലിസുകാര്‍ എത്തി മുഹമ്മദ് ഷഹസാദിനെ അറസ്റ്റ് ചെയ്തതായി മുഹമ്മദ് ഷഹസാദിന്റെ പിതാവ് മുഹമ്മദ് ഉമര്‍ പറഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും അറസ്റ്റിന്റെ കാരണം കുടുംബത്തോട് പറഞ്ഞിട്ടില്ല. മകനെ ഏത് പോലിസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നത് എന്ന് പറയാന്‍ പോലും പോലിസ് തയ്യാറായില്ല.

നിയമവിരുദ്ധ അറസ്റ്റിനെതിരേ പിതാവ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ആഭ്യന്തര സെക്രട്ടറി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് ഇമെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ സിഎഎ,എന്‍ആര്‍സി വിരുദ്ധ പ്രതിഷേധത്തിനിടെ അക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ മുഹമ്മദ് ഷഹസാദ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് മുഹമ്മദ് ഉമര്‍ പറഞ്ഞു. 'അക്കാലത്ത് ഉത്തര്‍പ്രദേശ് പോലിസ് മകനെ ഉപദ്രവിച്ചിരുന്നു, ഇന്ന് അവര്‍ അവനെ വീട്ടില്‍ നിന്ന് കൊണ്ടുപോയി. അര്‍ദ്ധരാത്രി വരെ യാതൊരു വിവരവും ഇല്ല'. പിതാവ് പറഞ്ഞു. 

Tags:    

Similar News