രാഹുലിനെതിരേ വര്‍ഗീയ പരാമര്‍ശവുമായി മോദി; പൊളിച്ചടക്കി സോഷ്യല്‍മീഡിയ

രാഹുലിന് ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലാത്തിനാല്‍ ന്യൂനപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഓടിപ്പോയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ വയനാട്ടില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷമെന്ന തെളിവുകളുമായി സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി.

Update: 2019-04-01 14:51 GMT


കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട് മല്‍സരിക്കുന്നതിനെ വര്‍ഗീയമായി ചിത്രീകരിച്ച മോദിയുടെ പ്രചാരണത്തെ പൊളിച്ചടക്കി സാമൂഹിക മാധ്യമങ്ങള്‍. രാഹുലിന് ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലാത്തിനാല്‍ ന്യൂനപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഓടിപ്പോയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ വയനാട്ടില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷമെന്ന തെളിവുകളുമായി സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി.

വയനാട്ടിലെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ പട്ടിക പുറത്ത് വിട്ടാണ് മോദിയുടെ ആരോപണത്തെ പൊളിച്ചത്. വയനാട്ടില്‍ ഹിന്ദുക്കള്‍ 49.5 ശതമാനവും മുസ്‌ലിംകള്‍ 28.5 ശതമാനവും ക്രൈസ്തവര്‍ 21 ശതമാനവുമാണെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ വര്‍ഗീയത ഇളക്കിവിടുന്ന പ്രസ്താവന. മഹാരാഷ്ട്ര വര്‍ധയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം.

ഹിന്ദു ഭീകരവാദം എന്ന പദത്തിന് ജന്മം നല്‍കിയത് കോണ്‍ഗ്രസാണ്. 5,000 വര്‍ഷം പഴക്കമുള്ള സംസ്‌കാരത്തെ അവര്‍ അധിക്ഷേപിച്ചു. ഭീകരവാദത്തിന്റെ ടാഗ് നല്‍കിയ അവര്‍ പാപം ചെയ്തു. ഇപ്പോള്‍ അവര്‍ ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് അയാള്‍ (രാഹുല്‍ ഗാന്ധി) ഭൂരിപക്ഷത്തില്‍ നിന്ന് ഒളിച്ചോടി ന്യൂനപക്ഷത്തിന്റെ സീറ്റില്‍ അഭയം പ്രാപിക്കുന്നതെന്ന് മോദി പ്രസംഗത്തില്‍ ആരോപിച്ചു. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് തേടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുകയാണ്.




Tags: