വിദ്വേഷ പ്രചാരണം: ഫേസ്ബുക്കിനെതിരേ നടപടിയില്ലെന്ന് ഡല്‍ഹി നിയമസഭാ സമിതി

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരേ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ നേരത്തെ റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു

Update: 2020-09-23 14:34 GMT

ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണത്തിൽ ഫേസ്ബുക്കിനെതിരേ നടപടിയില്ലെന്ന് ഡല്‍ഹി നിയമസഭാ സമിതി സുപ്രിംകോടതിയെ അറിയിച്ചു. സമിതിക്കുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. വടക്ക്-കിഴക്കന്‍ ഡല്‍ഹി വംശീയാതിക്രമത്തിൽ ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട നിയമം ദുരുപയോഗം ചെയ്യപ്പെട്ടു എന്ന ആരോപണത്തില്‍ ഫേ‌സ്ബുക്കിന്റെ ഇന്ത്യയിലെ മേധാവിയെ സമിതി നേരത്തേ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

തന്നോട് ഹാജരാകാന്‍ ആവശ്യപ്പെടുന്ന സമിതിയുടെ നടപടിക്കെതിരേ ഫേ‌സ്ബുക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് അജിത് മോഹന്‍ നല്‍കിയ ഹരജിയില്‍ ഡല്‍ഹി നിയമസഭാ സെക്രട്ടറി അടക്കമുള്ളവര്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. ഹാജരാകാന്‍ ആവശ്യപ്പെടുന്നത് മൗലികാവകാശ ലംഘനമാണെന്ന് അജിത് മോഹന്‍ കോടതിയില്‍ പറഞ്ഞു.

ഫേ‌സ്ബുക്കിന്റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട നിയമം ചില നേതാക്കളുടെ കാര്യത്തില്‍ പ്രയോഗിക്കപ്പെട്ടില്ല എന്ന് ഫേസ്ബുക്കിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഫേസ്ബുക്കിൽ പ്രചരിച്ച ഉള്ളടക്കങ്ങള്‍ ഡല്‍ഹി കലാപത്തെ ഊതിക്കത്തിക്കുകയോ തീവ്രമാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യമാണ് ഡല്‍ഹി നിയമസഭാ സമാധാന സമിതി പരിശോധിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരേ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ നേരത്തെ റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. 

Similar News