ഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ

Update: 2024-04-29 12:49 GMT

ന്യൂയോര്‍ക്ക്:ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അമേരിക്കയിലെ കാംപസുകളില്‍നിന്ന് ഇതുവരെ 900 വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്ടിവിസ്റ്റുകളെയും യുഎസ് പോലിസ് അറസ്റ്റ് ചെയ്തു. കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധ ക്യാമ്പ് ന്യൂയോര്‍ക്ക് പോലിസ് ബലമായി നീക്കം ചെയ്ത ഏപ്രില്‍ 18 മുതല്‍ അറസ്റ്റിലായവരുടെ എണ്ണമാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു.ഗസക്കെതിരെ ഇസ്രായേല്‍ നടത്തുന്ന നരഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേലുമായി സൈനിക ഇടപാടുള്ള കമ്പനികളുമായുള്ള അക്കാദമിക ബന്ധം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഎസിലെ നൂറുകണക്കിന് കാംപസുകളില്‍ പ്രക്ഷോഭം തുടരുന്നത്.

ശനിയാഴ്ച മാത്രം ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂനിവേഴ്‌സിറ്റി, ഫീനിക്‌സിലെ അരിസോണ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി, ഇന്‍ഡ്യാന യൂണിവേഴ്‌സിറ്റി ബ്ലൂമിംഗ്ടണ്‍, സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പ്രതിഷേധിച്ച 275 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഗ്രീന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയ്നും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മിസോറിയിലെ വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് അവര്‍ അറസ്റ്റിലായത്.

അതിനിടെ, ഞായറാഴ്ച വടക്കുകിഴക്കന്‍ സംസ്ഥാനമായ കണക്റ്റിക്കട്ടിലെ യേല്‍ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥികള്‍ പുതിയ പ്രതിഷേധ ക്യാമ്പിന് തുടക്കം കുറിച്ചു. ഇവിടെ നിന്ന് കഴിഞ്ഞയാഴ്ച 44 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയും പ്രതിഷേധ ക്യാമ്പ് തകര്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News