അമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ നോട്ടീസ്

Update: 2024-04-29 12:10 GMT
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൃത്രിമവീഡിയോ ദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയില്‍ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പോലിസിന്റെ നോട്ടീസ്. തെലങ്കാനയില്‍ നിന്നുള്ള മറ്റ് നാല് പേര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. തെലങ്കാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വീഡിയോ ഷെയര്‍ ചെയ്തതായാണ് ആരോപണം. ഇത് പല പാര്‍ട്ടി നേതാക്കളും റീപോസ്റ്റ് ചെയ്തു. എസ്‌സി/എസ്ടി സംവരണ ക്വാട്ടകള്‍ നിര്‍ത്തലാക്കാനുള്ള ബിജെപി അജണ്ട തുറന്നുകാട്ടുന്നുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.

    എഡിറ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചതിനെ ബിജെപിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പരാതിയെ തുടര്‍ന്ന് തുടര്‍ന്ന് ഡല്‍ഹി പോലിസ് കേസെടുത്തു. പട്ടികജാതി (എസ്‌സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കുള്ള സംവരണ ക്വാട്ട നിര്‍ത്തലാക്കണമെന്ന് ആഭ്യന്തരമന്ത്രി വാദിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഐപിസി 153, 153 എ, 465, 469, 171 ജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) നിയമത്തിലെ സെക്ഷന്‍ 66 സി എന്നിവ പ്രകാരമാണ് പോലിസ് കേസെടുത്തത്.

    വീഡിയോ അപ്‌ലോഡ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടി എക്‌സിനും ഫേസ്ബുക്കിനും പോലിസ് നോട്ടീസ് അയച്ചു. ഒരു റാലിക്കിടെ അമിത് ഷാ നടത്തിയ പ്രസംഗങ്ങള്‍ വളച്ചൊടിച്ച് വീഡിയോയില്‍ കൃത്രിമം കാട്ടിയെന്നാണ് ബിജെപിയുടെ വാദം. 'വ്യാജ വീഡിയോ പല കോണ്‍ഗ്രസ് വക്താക്കളും പോസ്റ്റ് ചെയ്‌തെന്നും അവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് തയ്യാറാവണമെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു.

Tags:    

Similar News