അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത

Update: 2024-04-29 12:28 GMT

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫിസ് തലത്തില്‍ ഇടപെടലുണ്ടായിട്ടും ഡോ. കെവി പ്രീതിക്കെതിരായ അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരത്തിലേക്ക് കടന്നത്. കോടതിയിലുള്ള കേസ് ആയതിനാല്‍ റിപോര്‍ട്ട് നല്‍കാനാവില്ലെന്ന് ഐജി കെ. സേതുരാമന്‍ പറഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ വച്ച് പീഡനത്തിനിരയായ തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നതടക്കം ഡോ. കെവി പ്രീതയ്‌ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കമ്മീഷണറുടെ ഓഫിസിന് മുന്നില്‍ സമരം ഇരിക്കേണ്ടി വന്നത്. ഇക്കാര്യം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരമേഖല ഐജിയ്ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഇക്കഴിഞ്ഞ 23 നായിരുന്നു അതിജീവിത ആദ്യ ഘട്ട സമരം അവസാനിപ്പിച്ചത്. തുടര്‍ന്നും കെ വി പ്രീതിയ്‌ക്കെതിരായ പരാതിയിലുളള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്നതിലാണ് വീണ്ടും സമരത്തിലേക്കെത്തിയത്.

വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപോര്‍ട്ട് നല്‍കുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് പോലിസിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടേണ്ടതുണ്ടെന്നും ഉത്തരമേഖല ഐജി കെ സേതുരാമന്‍ പറഞ്ഞു. ഐജിയെ ചില മെഡിക്കല്‍ കോളജ് എസിപി അടക്കമുള്ള കീഴ്ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച അതിജീവിത സമരം തുടരുമെന്നും അറിയിച്ചു.

അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് കെവി പ്രീതി പ്രതികള്‍ക്കനുകൂലമായി റിപോര്‍ട്ടെഴുതിയെന്നായിരുന്നു അതിജീവിതയുടെ പരാതി. ഇത് അന്വേഷിച്ച മെഡിക്കല്‍ കോളജ് എസിപി കമ്മീഷണര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. കെവി പ്രീതി മെഴിയെടുത്തതില്‍ വീഴ്ചയുണ്ടായില്ലെന്ന് കണ്ടെത്തിയ ഈ റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷണനെ സമീപിച്ചിട്ടും നടപടിയുണ്ടാവാഞ്ഞതോടെയാണ് അതിജീവിത കഴിഞ്ഞ 18 ന് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ സമരമാരംഭിച്ചത്. സമരം നടുറോഡിലേക്ക് വരെ എത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍.

Tags: