പോലിസ് വെടിവയ്‌പ്പിൽ മാവോവാദി കൊല്ലപ്പെട്ട സംഭവം: വയനാട് ജില്ലാ കലക്ടര്‍ അന്വേഷിക്കും
കല്‍പറ്റ: വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മീന്മുട്ടിക്കു സമീപം മാവോദി കേഡര്‍ വേല്‍മുരുകന്‍ പോലിസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഈ മാസം മൂന്നിനാണ് വേല്‍ മുരുകന്‍ തണ്ടര്‍ ബോള്‍ട്ടിന്‍റെ വെടിയേറ്റു മരിച്ചത്. മാവോ വാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ ആത്മ രക്ഷാര്‍ഥം വെടി വയ്ച്ചുവെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍ ഏക പക്ഷീയമായ പോലിസ് വെടിവയ്പാണു നടന്നതെന്ന ആരോപണം ശക്തമാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വേല്‍മുരുകന്‍റെ സഹോദരന്‍ കല്‍പറ്റ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതിനു പിന്നാലെയാണ് ജില്ലാ കലക്ടറുടെ അന്വേഷണം.