ശമ്പളം വീണ്ടും മുടങ്ങി; ശുചീകരണ തൊഴിലാളികള്‍ റോഡില്‍ മാലിന്യം തള്ളി പ്രതിഷേധിച്ചു
ലഖ്‌നോ: ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ശുചീകരണ തൊഴിലാളികളുടെ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ പണിമുടക്ക് സമരം ശക്തമായി. ഹര്‍ദോയ് നഗരത്തിലാണ് തൊഴിലാളികള്‍ റോഡില്‍ മാലിന്യം തള്ളി പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിന് മാതൃകയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാനത്ത് ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങുന്നത് തുടര്‍ക്കഥയായതിനെതിരേ ശക്തമായ പ്രതികരണമാണ് ഉയരുന്നത്. അധികൃതരുടെ അനാസ്ഥയില്‍ രോഷാകുലരായ തൊഴിലാളികള്‍ നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. സമരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.
മുന്‍പ് മുടങ്ങിയ ശമ്പളത്തിന്റെ ഒരു വിഹിതം തൊഴിലാളികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങാതെ നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് ശമ്പളം വീണ്ടും മുടങ്ങിയതോടെ തൊഴിലാളികള്‍ പണിമുടക്ക് സമരം പുനരാരംഭിച്ച് തെരുവിലിറങ്ങുകയായിരുന്നു.