കശ്മീർ: മാധ്യമങ്ങൾ കേന്ദ്ര സർക്കാരിൻറെ കരാർ തൊഴിലാളികളായെന്ന് മമത ബാനർജി

കശ്മീരികളെ നമ്മളില്‍ നിന്നും അകറ്റാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവര്‍ സമാധാനത്തോടെ ജീവിക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ ദിനമായ ഇന്ന് പോലും അവര്‍ കടുത്ത മാനസിക വിഷമത്തിലാണ്.

Update: 2019-08-15 10:13 GMT

കൊല്‍ക്കത്ത: കശ്മീര്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രീതിയെ മമത വിമര്‍ശിച്ചു. സ്വാതന്ത്ര്യ ദിനമായ ഇന്ന് അവർക്ക് സ്വാതന്ത്ര്യമില്ലെന്നും മമത വിമർശിച്ചു.

സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെയായിരുന്നു കശ്മീര്‍ വിഷയത്തിലുള്ള തന്റെ ആശങ്ക മമത പങ്കുവെച്ചത്. " ഞാന്‍ കശ്മീരിനെ സ്‌നേഹിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 ന്റെ മെറിറ്റിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. പക്ഷേ അത് നടപ്പിലാക്കിയ രീതി തെറ്റാണെന്ന് ഞാന്‍ വീണ്ടും പറയുകയാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ ആളുകളെ തോക്കിന്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഭയപ്പെടുത്തിയാണ് നടപ്പിലാക്കിയത്. തികച്ചും തെറ്റായ രീതിയാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിമാര്‍ എവിടെയാണെന്നോ അവരുടെ അവസ്ഥ എന്താണെന്നോ ഇപ്പോഴും അറിയില്ല. ഉത്തരം ലഭിക്കാനുള്ള അവകാശം നമുക്കില്ലേ? സമാധാനപരമായ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടായിരുന്നു. പക്ഷേ അവര്‍ അതും നശിപ്പിച്ചിരിക്കുന്നെന്ന് മമത ആരോപിച്ചു.

കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യത്തെ വരെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തി. മാധ്യമങ്ങള്‍ എല്ലാം കേന്ദ്രസർക്കാരിൻറെ കരാർ തൊഴിലാളികളായി മാറിയിരിക്കുന്നു. സത്യം തുറന്നു കാണിക്കാന്‍ അവര്‍ക്കാവുന്നില്ല. കശ്മീരില്‍ എല്ലാം നന്നായി നടക്കുന്നു എന്ന് കാണിക്കാനാണ് അവരോട് ആവശ്യപ്പെടുന്നത്. ഇതാണോ ജനാധിപത്യമെന്നും മമത ചോദിച്ചു.

കശ്മീരില്‍ സമാധാനം പുലരണം. കശ്മീരികളെ നമ്മളില്‍ നിന്നും അകറ്റാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവര്‍ സമാധാനത്തോടെ ജീവിക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ ദിനമായ ഇന്ന് പോലും അവര്‍ കടുത്ത മാനസിക വിഷമത്തിലാണ്. അവര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും മമത പറഞ്ഞു.

Tags:    

Similar News