ഇന്ത്യ സുസജ്ജം; കരുത്തു തെളിയിച്ച് വ്യോമസേനയുടെ ശക്തിപ്രകടനം(വീഡിയോ)

വ്യോമസേനാ മേധാവിയും കരസേനാ മേധാവിയും അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ചു

Update: 2019-02-17 01:22 GMT

പൊഖ്‌റാന്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തിനു തൊട്ടുപിന്നാലെ പാക്കിസ്താന് മുന്നറിയിപ്പുമായി അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിപ്രകടനം. രാജസ്ഥാനിലെ പൊഖ്‌റാനില്‍ വായൂ ശക്തി എന്ന പേരില്‍ വ്യോമസേന നടത്തിയ അഭ്യാസപ്രകടനം സൈനിക കരുത്തും അച്ചടക്കവും വിളിച്ചോതുന്നതായി. ആയുധപ്രഹരശേഷിയുടെ കരുത്തുകാട്ടിയുള്ള വ്യോമസനയുടെ വിവിധ പ്രകടനങ്ങള്‍ ഇന്ത്യ ഏതു നിമിഷവും എന്തിനും തയ്യാറാണെന്ന വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു. എതിരാളികളെ കരയിലും ആകാശത്തും ഒരുപോലെ പ്രതിരോധിച്ച ആകാശ്, അസ്ത്ര മിസൈലുകള്‍ക്കൊപ്പം തദ്ദേശീയമായി വികസിപ്പിച്ച തേജസ് ഉള്‍പ്പെടയുള്ള യുദ്ധ വിമാനങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു. മിഗ്-21, മിഗ്-29, മിഗ്-27, സുഖോയ്-30 എംകെഐ, മിറാഷ്-2000, ഹോക്ക് എംകെ-132, ജഗ്വാര്‍ എന്നീ യുദ്ധവിമാനങ്ങള്‍ക്കു പുറമെ, സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് എന്ന ചരക്കു നീക്കത്തിനുപയോഗിക്കുന്ന വിമാനവും വ്യോമാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു. കൂടാതെ എംഐ-17 വി-5, എംഐ-35, എച്ച്എഎല്‍ രുദ്ര എന്നീ ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള വ്യോമാഭ്യാസ പ്രകടനമാണ് നടന്നത്. പ്രകടനം വ്യോമസേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

   


യുദ്ധവേളകളില്‍ എതിരാളികള്‍ക്ക് എത്രത്തോളം കരുത്തുറ്റ പ്രഹരം ല്‍കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനം. ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കുന്നതിന്റെയും ആയുധം പ്രയോഗിക്കുന്നതിന്റെയുമെല്ലാം പരിശീലനമാണ് കാണിച്ചത്. മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് ഇത്തരത്തില്‍ സമ്പൂര്‍ണ ആയുധങ്ങളുമായുള്ള വ്യോമസേനയുടെ അഭ്യാസം നടക്കുന്നത്. വ്യോമസേനാ മേധാവിയും കരസേനാ മേധാവിയും അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ചു. രാജ്യസഭാ എംപിയും ക്രിക്കറ്റ് ഇതിഹാസവുമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും അഭ്യാസ പ്രകടനം കാണാനെത്തിയിരുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന സുസജ്ജമാണെന്ന് അഭ്യാസപ്രകടനത്തിലൂടെ തെളിയിക്കുകയായിരുന്നു. വ്യോമസേന ബാന്റ് സംഘത്തിന്റെ പ്രകടനത്തോടെയാണ് സമാപിച്ചത്. നേരത്തേ, ഇന്ത്യ ആദ്യമായ അണു ബോംബ് പരീക്ഷണം നടത്തിയതും ഇന്ത്യാ-പാക് അതിത്തിയോട് ചേര്‍ന്ന പൊഖ്‌റാനിലായിരുന്നു.


Full View

Tags:    

Similar News