പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

Update: 2024-01-31 06:38 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കില്ല.

തിരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റായതിനാല്‍ കൈയടി നേടാനുള്ള വാഗ്ദാനങ്ങള്‍ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹഌദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം ഇന്നലെ രാവിലെ 11.30 ന് നടന്നു. പാര്‍ലമെന്റിന്റെ കഴിഞ്ഞ ശൈത്യകാല സമ്മേളനം സാക്ഷ്യം വഹിച്ചത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിനാണ്. 146 പ്രതിപക്ഷ എംപിമാരെയാണ് അന്ന് സസ്‌പെന്‍ഡ് ചെയ്തത്. ടിഎംസി എം പി മഹുവ മൊയ്ത്രയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയതും കഴിഞ്ഞ സമ്മേളന കാലയളവിലാണ്.

Tags: