കോണ്‍സുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ

Update: 2024-04-12 09:32 GMT

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെ കോണ്‍സുലേറ്റില്‍ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് കാനഡ ഒഴിവാക്കിയത്. അതേസമയം, വിസ നടപടികള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാക്കുന്നതിനാലാണ് നടപടി. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിട്ടത്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് വിവരം. വിസയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദര്‍ശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയന്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഹര്‍ദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കെണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമെന്ന് വിമര്‍ശിച്ച് തള്ളിയ ഇന്ത്യ, കാനഡ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള താവളമായി മാറുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെയും നിജ്ജറുടെ കൊലപാതകം ഉന്നയിച്ച ജസ്റ്റിന്‍ ട്രൂഡോ കാനഡയില്‍ എത്തുന്ന എല്ലാവരുടെയും സ്വാതന്ത്രം താന്‍ ഉറപ്പാക്കുന്നുവെന്ന് വ്യക്തമാക്കി. കനേഡിയന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെട്ടു എന്ന റിപോര്‍ട്ടുകള്‍ വന്നെങ്കിലും ട്രൂഡോ സര്‍ക്കാര്‍ പിന്നീടിത് തിരുത്തി.

Tags:    

Similar News