കാൻസർ രോഗിയായ അമ്മയെ കാണാനുള്ള ജിഎൻ സായിബാബയുടെ ഹരജി ബോംബെ ഹൈക്കോടതി തള്ളി

രോഗിയായ അമ്മയെ പരിപാലിക്കാൻ സായിബാബയുടെ സഹോദരനും ഭാര്യയും അവിടെയുണ്ടെന്നും അവർ ​ഗുരുതരാവസ്ഥയിൽ അല്ലെന്നുമാണ് ജയിൽ അധികൃതർ കോടതിയെ അറിയിച്ചത്

Update: 2020-05-23 05:30 GMT

മുംബൈ: പരോൾ ആവശ്യപ്പെട്ട് ഡൽഹി യൂനിവേഴ്‌സിറ്റി പ്രഫസർ ജി എൻ സായിബാബ സമർപ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. കാൻസർ രോഗിയായ അമ്മയെ കാണാന്‍ താൽക്കാലിക പരോളിനായി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നാഗ്പൂരിലെ മുംബൈ ഹൈക്കോടതി ബെഞ്ച് അപേക്ഷ നിരസിക്കുകയായിരുന്നു.

74 വയസുകാരിയായ സായിബാബയുടെ അമ്മ സൂര്യവതി കാന്‍സര്‍ രോഗബാധിതയായി ഗുരുതരാവസ്ഥയില്‍ ഹൈദരാബാദിലെ സഹോദരന്‍റെ വീട്ടില്‍ കഴിയുകയാണ്. ജസ്റ്റിസ് ആർ‌കെ ദേശ്പാണ്ഡെ, ജസ്റ്റിസ് അമിത് ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരോൾ അപേക്ഷയിൻമേൽ വാദം കേട്ടത്.

സായിബാബയുടെ സഹോദരന്‍റെ വീട് കൊവിഡ് ഹോട്ട് സ്പോട്ടിലാണെന്ന് ഹൈദരബാദ് പോലിസ് കമ്മീഷണര്‍ കോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പരോള്‍ അപേക്ഷ കോടതി നിരസിച്ചത്. എന്നാല്‍ സഹോദരന്‍റെ വീട് ഉള്‍പ്പെടുന്ന താമസസ്ഥലം കൊവിഡ് നിയന്ത്രണ മേഖലയിലല്ലെന്നും ഇവിടെ ഇപ്പോൾ എല്ലാ കാര്യങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകർ പറയുന്നു. രോഗിയായ അമ്മയെ പരിപാലിക്കാൻ സായിബാബയുടെ സഹോദരനും ഭാര്യയും അവിടെയുണ്ടെന്നും അവർ ​ഗുരുതരാവസ്ഥയിൽ അല്ലെന്നുമാണ് ജയിൽ അധികൃതർ കോടതിയെ അറിയിച്ചത്. ലോക്ക്ഡ ഡൗൺ അവസാനിച്ചതിനുശേഷം വീണ്ടും പരോളിന് അപേക്ഷിക്കാമെന്ന് കോടതി പറഞ്ഞു.

‌ചക്രക്കസേരയില്‍ ജീവിക്കുന്ന സായ്ബാബയെ 2014 മെയ് മാസമാണ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചിരോലി പോലിസ് കേസെടുക്കുകയായിരുന്നു. 2017 മാര്‍ച്ചില്‍ സായിബാബയെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവിലാണ്.

സായിബാബയുടെ ആരോഗ്യാവസ്ഥയും നേരത്തെ തന്നെ വഷളായിരുന്നു. ചികിൽസ നിഷേധമടക്കം അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സായിബാബയെ മോചിപ്പിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിൻറെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

Similar News