മോദിക്കെതിരേ മല്‍സരം: 111 തമിഴ് കര്‍ഷകരെ പിന്‍മാറ്റാന്‍ ബിജെപി

മോദി മല്‍സരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരേ കര്‍ഷകര്‍ നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്

Update: 2019-03-27 06:58 GMT

ന്യൂഡല്‍ഹി: കാര്‍ഷിക പ്രശ്‌നങ്ങളില്‍ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരണാസിയില്‍ നിന്നു മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന 111 തമിഴ് കര്‍ഷകരെ പിന്‍മാറ്റാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്ത. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും കര്‍ഷകരെ നേരിട്ടു കണ്ടാണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. നിരവധി വാഗ്ദാനങ്ങളും ഇവര്‍ കര്‍ഷകര്‍ക്കു നല്‍കുന്നുണ്ട്. മോദി മല്‍സരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരേ നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. ഇതോടെ, ദേശീയ നേതൃത്വം ഇടപെട്ടാണ് അനുനയശ്രമവുമായി നേതാക്കളെത്തിയത്. ബിജെപി നേതാക്കള്‍ ഞങ്ങളെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്‍മാറില്ലെന്നും കര്‍ഷക നേതാവ് പി അയ്യക്കണ്ണ് പറഞ്ഞു. നൂറുകണക്കിന് അഗോരിമാരുടെ പിന്തുണയാണു ഞങ്ങള്‍ക്കുള്ളത്. വസ്ത്രം പോലു ധരിക്കാതെ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ കാംപയിന്‍ നടത്തുന്നത്. ഞങ്ങള്‍ മോദിക്കോ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്കോ എതിരല്ല. അവരോട് സ്വകാര്യമായ ഒരു പകയുമില്ല. ഞങ്ങളുടെ ആവശ്യം അത് കര്‍ഷകരുടെ ആവശ്യമാണ്. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരാണ്. അമിത് ഷാ ഡല്‍ഹിയില്‍ തങ്ങളെ കാണാന്‍ തയ്യാറാണെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഞങ്ങളുടെ എല്ലാ ആവശ്യവും ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്നുമാണ് അവര്‍ പറഞ്ഞതെന്നും കര്‍ഷകര്‍ പറഞ്ഞു.

    അതേസമയം, കര്‍ഷകവായ്പ എഴുതിത്തള്ളുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക, കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ വാരണാസിയില്‍നിന്ന് മല്‍സരിക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.




Tags: