ഡൽഹി പിടിക്കാൻ ബിജെപി; അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശം നൽകും

1797 അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്കാവും ഗുണം ലഭിക്കുക. ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ഭൂമികളില്‍ താമസിക്കുന്ന താഴ്ന്ന വരുമാനമുള്ള എല്ലാ അനധികൃത കോളനി നിവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും

Update: 2019-10-23 14:14 GMT

ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശം നൽകാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. ഈ നിയമം പാസാക്കുന്നതിനുള്ള ബിൽ പാർലമെന്റിൻറെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 1797 അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്കാവും ഗുണം ലഭിക്കുക. ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ഭൂമികളില്‍ താമസിക്കുന്ന താഴ്ന്ന വരുമാനമുള്ള എല്ലാ അനധികൃത കോളനി നിവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.

കോളനി നിവാസികള്‍ക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നല്‍കാനുള്ള നീക്കത്തെ ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിശേഷിപ്പിച്ചത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും പ്രധാനമന്ത്രി മോദിയുടെ ചിന്തയാണിതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയുള്ള കേന്ദ്രതീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങള്‍ മന്ത്രിമാര്‍ നിഷേധിച്ചു.

കോളനി നിവാസികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം പോസിറ്റീവായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചു. നിരവധി പേരുടെ സ്വപ്‌നങ്ങളാവും ഉടന്‍ യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംഗീകൃത കുടിവെള്ള - വൈദ്യുതി കണക്ഷനോ ഭൂമിയുടെ ഉടമസ്ഥാവകാശമോ ഇല്ലാത്തവർക്കാണ് പ്രയോജനം ലഭിക്കുക. 2015-ല്‍ അനധികൃത കോളനികളെ ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിരുന്നു. 

Tags:    

Similar News