അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം: സിഐഎ മേധാവി അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി

മേഖലയിലെ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയിലെത്തിയതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-09-08 07:49 GMT

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ വില്യം ബണ്‍സ് കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ ഇടക്കാല സര്‍ക്കാറിലെ പ്രധാനികളുടെ പേരുകള്‍ താലിബാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച.

ഡോവലും സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) മേധാവിയും ചര്‍ച്ച ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ പശ്ചാത്തലത്തില്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണനയെന്നാണ് നിഗമനം.ഡല്‍ഹിയിലാണ് കൂടിക്കാഴ്ച നടന്നത്.

മൂന്നാഴ്ച മുമ്പ് താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനം പിടിച്ചപ്പോള്‍ കാബൂളില്‍ നിന്ന് തങ്ങളുടെ എംബസി ജീവനക്കാരെ ഒഴിപ്പിച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. അതേസമയം, റഷ്യയും പാകിസ്താനും തങ്ങളുടെ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിയിരുന്നു.

അതേസമയം, മേഖലയിലെ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയിലെത്തിയതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായും പിന്‍മാറിയ സാഹചര്യത്തില്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ഏറെ ഉപകാരപ്രദമാകും എന്ന നിലപാടിലാണ് സിഐഎ. പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായും സിഐഎ സംഘം ആശയവിനിമയം നടത്തുന്നുണ്ട്. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായി പട്രുഷേവുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Tags:    

Similar News