വിശുദ്ധ ഗ്രന്ഥം പരിചയാക്കി സിപിഎം; വര്‍ഗീയ അജണ്ടയുമായി ബിജെപി

വിശുദ്ധ ഗ്രന്ഥത്തെ വലിച്ചിഴച്ചുള്ള സംഘപരിവാര പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തു വരുന്ന മത നേതാക്കളെയും സംഘടനകളെയും ജലീല്‍ ബന്ധവും മറ്റും ആരോപിച്ച് നിശബ്ദരാക്കാനുള്ള നീക്കങ്ങളാണ് ബിജെപിയും അവരുടെ മാധ്യമങ്ങളും നടത്തുന്നത്.

Update: 2020-09-17 07:27 GMT

- പിസി അബ്ദുല്ല

കോഴിക്കോട്: സ്വര്‍ണക്കടത്ത്, കെടി ജലീല്‍ വിവാദത്തില്‍ വസ്തുതകളില്‍ നിന്ന് മാറി വൈകാരിക തലങ്ങളില്‍ മുതലെടുപ്പ് നടത്താന്‍ സിപിഎമ്മും ബിജെപിയും. യുഡിഎഫ് ആകട്ടെ ശബരിമല വിവാദത്തിലെന്ന പോലെ ജലീല്‍ വിഷയത്തിലും കൈ നനയാതെ മീന്‍ പിടിക്കാനാണു ശ്രമിക്കുന്നത്.

ജലീലിനെതിരായ ഹിന്ദുത്വ സംഘടനകളുടെ തെരുവിലെ പുറപ്പാട് പ്രതിഷേധതലം വിട്ട് രോഷപ്രകടനമായി മാറിയത് അവരുടെ വര്‍ഗീയ, വിദ്വേഷ അജണ്ടകള്‍ വ്യക്തമാക്കുന്നു. വിശുദ്ധ ഖുര്‍ആനിലൂന്നിയുള്ള പ്രചാരണങ്ങള്‍ക്കു പുറമെ ജലീലുമായി ബന്ധമുണ്ടെന്നാരോപിച്ച് വ്യക്തികളേയും മുസ്‌ലിം സ്ഥാപനങ്ങളേയും കള്ളക്കടത്തു ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് ആര്‍എസ്എസ്ബിജെപി കേന്ദ്രങ്ങളില്‍ അരങ്ങേറുന്നത്. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലും ഓണ്‍ലൈനുകളിലും വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യം വച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

വിശുദ്ധ ഗ്രന്ധത്തെ വലിച്ചിഴച്ചുള്ള സംഘപരിവാര പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തു വരുന്ന മത നേതാക്കളെയും സംഘടനകളെയും ജലീല്‍ ബന്ധവും മറ്റും ആരോപിച്ച് നിശബ്ദരാക്കാനുള്ള നീക്കങ്ങളാണ് ബിജെപിയും അവരുടെ മാധ്യമങ്ങളും നടത്തുന്നത്.

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ സംശയ നിഴലിലുള്ള വി മുരളീധരന്‍, അനില്‍ നമ്പ്യാര്‍, ഹിന്ദു എക്കണോമിക് ഫോറവുമായി ബന്ധപ്പെട്ട പ്രമുഖ സ്വര്‍ണ വ്യാപാരികള്‍ എന്നിവരിലേക്ക് ചര്‍ച്ചകള്‍ വഴിമാറാതിരിക്കാനുള്ള തന്ത്രം കൂടിയാണ് ജലീലിനെ ലൈവാക്കി നിര്‍ത്തിയുള്ള പ്രതിഷേധങ്ങളിലൂടെ ബിജെപി പയറ്റുന്നത്. ജലീലിനെ ഇഡി ചോദ്യം ചെയ്ത വാര്‍ത്ത പുറത്തു വന്ന നിമിഷം മുതല്‍ ബിജെപി ആക്രമണോത്സുകമായാണ് തെരുവിലുള്ളത്. ഇതിനു മുന്‍പൊന്നും ഇത്രയേറെ വൈകാരിക ആവേശത്തോടെയുള്ള പ്രതിഷേധ സമരങ്ങള്‍ ബിജെപി കേരളത്തില്‍ നടത്തിയിട്ടില്ല.

അതേസമയം, ജലീലിനെ എന്‍ഐഎ കൂടി ചെയ്തതോടെ കൂടുതല്‍ പ്രതിരോധത്തിലായ സിപിഎം, വിശുദ്ധ ഖുര്‍ആനിനെ പരിചയാക്കിയുള്ള അവസാന അടവുകളാണ് പ്രയോഗിക്കുന്നത്. ഖുര്‍ആന്‍ കൊണ്ടു വന്നതല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വിഷയമെങ്കിലും അങ്ങനെ വരുത്തി തീര്‍ത്ത് ജലീലിന് സംരക്ഷണമൊരുക്കാനും സര്‍ക്കാരിന്റെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് സിപിഎമ്മിന്റെ കൊണ്ടു പിടിച്ച ശ്രമം. എന്‍ഐഎ ജലീലിനെ ചോദ്യം ചെയ്യാനാരംഭിച്ചതുമുതലുള്ള പ്രമുഖ സിപിഎം നേതാക്കളുടെ പരാമര്‍ശങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തെ പച്ചയായ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതാണ്.

ജലീലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശബരിമലയിലേതു പോലെ ബിജെപി തെളിക്കുന്ന വഴിയില്‍ നേട്ടം കൊയ്യാനാണു യുഡിഎഫ് ലക്ഷ്യം. വിശുദ്ധ ഖുര്‍ആനെ ബിജെപിയും സിപിഎമ്മും രാഷ്ട്രീയ ലാഭങ്ങള്‍ക്കായി വലിച്ചിഴക്കുന്നതിനെ മുസ്‌ലിം ലീഗ് പോലും തുറന്നു കാട്ടുന്നില്ല. 

Tags:    

Similar News