76 മരണം ; 1639 ക്യാമ്പുകളിൽ 2,51,831 ദുരിതബാധിതർ ; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത്‌ ഇതുവരെ 76 മരണം സ്ഥിരീകരിച്ചു. 61 പേരെ കണ്ടെത്താനുണ്ട്‌. 1639 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2,51, 831 പേരെ മാറ്റിപാര്‍പ്പിച്ചു. ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിലുള്ളത് മലപ്പുറത്താണ്

Update: 2019-08-12 07:15 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയത്തിലാഴ്‌ത്തിയ അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞതോടെ രക്ഷാ പ്രവർത്തനങ്ങള്‍ ഊർജിതമായി. സംഘപരിവാർ നുണപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് കേരളം ഒറ്റക്കെട്ടായി രം​ഗത്തിറങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്‌. കവളപ്പാറയിൽ ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു.

കാലവർഷത്തിൽ സംസ്ഥാനത്ത്‌ ഇതുവരെ 76 മരണം സ്ഥിരീകരിച്ചു. 61 പേരെ കണ്ടെത്താനുണ്ട്‌. 1639 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2,51, 831 പേരെ മാറ്റിപാര്‍പ്പിച്ചു. ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിലുള്ളത് മലപ്പുറത്താണ്, 56,203 പേരാണ് ക്യാമ്പിലുള്ളത്. വയനാട്ടിൽ 37,059 പേരും കണ്ണൂരിൽ 19,924 പേരും തൃശൂരില്‍ 42,176പേരും ക്യാമ്പുകളിലാണ്‌. ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ സഹായവും ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

മലപ്പുറം ജില്ലയിൽ മാത്രം കേന്ദ്ര ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകളും ആർമിയുടെ മദ്രാസ് റെജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാർഡിന്റെ ടീമും രംഗത്തുണ്ട്. എൻജിനീയറിങ് വിഭാഗവുമുണ്ട്‌. പന്ത്രണ്ടടി കനത്തിൽ മണ്ണുവീണ് ചെളി നിറഞ്ഞത്‌ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. മനുഷ്യ സാധ്യമായ എല്ലാശ്രമവും നടത്തുകയാണ് രക്ഷാപ്രവർത്തകർ. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ ജെസിബി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പരിമിതമായി മാത്രമേ നടക്കുന്നുള്ളൂ.

മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ടീമും ഉണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രംഗത്തുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പെട്ടവരെ കണ്ടെത്തി രക്ഷിക്കാനും ഭക്ഷണവും ചികിത്‌സാ സൗകര്യവും ലഭ്യമാക്കാനും സാധിച്ചു. വെള്ളം ഇറങ്ങിയ ചില സ്ഥലങ്ങളിൽ ക്യാമ്പിലുള്ളവർ വീടുകളിലേക്ക്‌ തിരികെപോകാൻ തുടങ്ങി.

അണക്കെട്ടുകളുടെ സ്ഥിതിയിൽ ശനിയാഴ്ചത്തേക്കാൾ ചെറിയ വ്യത്യാസമേ വന്നിട്ടുള്ളു. ഒന്നുരണ്ടു ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. അതേസമയം അപ്പർ ഭവാനി ഡാം ഇന്ന് ഉച്ചയ്ക്ക് ശേഷം തുറക്കും. ഭവാനിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.  

Tags:    

Similar News