മരംമുറി കേസ്: ക്രെെബ്രാഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

മുമ്പ് മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം കൈമാറിയ അണ്ടര്‍സെക്രട്ടറി ഒ ജി ശാലിനിയെ റവന്യൂ വകുപ്പില്‍ നിന്നും മാറ്റിയിരുന്നു.

Update: 2021-07-21 13:45 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയഭൂമിയിലെ മരം മുറി കേസിൽ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ഗിരിജ, അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടറിയറ്റ് അസിസ്റ്റന്‍റ് സ്മിത, ഗംഗ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരാണ് ഇവര്‍. ഉന്നതതല അന്വേഷണത്തിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് നടപടി.

മുമ്പ് മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം കൈമാറിയ അണ്ടര്‍സെക്രട്ടറി ഒ ജി ശാലിനിയെ റവന്യൂ വകുപ്പില്‍ നിന്നും മാറ്റിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലേക്കായിരുന്നു സ്ഥലം മാറ്റം. മരംമുറി വിവാദവുമായി ബന്ധപ്പെട്ട രേഖകൾ കെെമാറിയതിന് പിന്നാലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ നി‍ദേശ പ്രകാരം അവധിയിലായിരുന്നു ശാലിനി.

ഇവർക്ക് നൽകിയ ​ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതും വിവാദമായിരുന്നു. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കാണിച്ചായിരുന്നു റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലക് ഗുഡ് സര്‍വ്വീസ് എന്‍ട്രി റദ്ദാക്കി ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയായിരുന്നു സെക്രട്ടറിയറ്റിന് പുറത്തേക്ക് ശാലിനിയെ സ്ഥലം മാറ്റിയത്.

Similar News