ഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി

Update: 2024-05-04 10:34 GMT

തിരുവനന്തപുരം: ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ നേമം സ്വദേശിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ എല്‍എച്ച് യദു ഹരജി നല്‍കി. മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം ജൂഡീഷ്യല്‍ കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്.

കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് മേയര്‍ക്കെതിരായ ഡ്രൈവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ബസില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് എംഎല്‍എക്കെതിരായ പരാതി. കോടതി മേല്‍നോട്ടത്തിലോ നിര്‍ദേശത്തിലോ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, കണ്ടാലറിയാവുന്ന രണ്ടു പേര്‍ എന്നിവര്‍ക്കുമെതിരെയാണ് പരാതി. കേരള പോലിസ്, കെഎസ്ആര്‍ടിസി എംഡി അടക്കമുള്ളവര്‍ ഒരാഴ്ചക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമീഷന്‍ ഉത്തരവിട്ടു.

അതേസമയം, കെഎസ്ആര്‍ടിസി ഡ്രൈവറും മേയറും തമ്മിലുള്ള തര്‍ക്കത്തില്‍ ബസ് കണ്ടക്ടര്‍ സുബിന്റെ മൊഴി കന്റോണ്‍മെന്റ് പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്‍സീറ്റില്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി കണ്ടില്ലെന്ന് സുബിന്‍ മൊഴി നല്‍കിയത്. ഡ്രൈവര്‍ യദു ലൈംഗിക ആംഗ്യം കാണിച്ചോയെന്നും കാറിനെ ബസ് മറികടന്നോ എന്നും അറിയില്ല. ബഹളമുണ്ടായപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നുമാണ് സുബിന്‍ മൊഴി നല്‍കിയത്.

Tags:    

Similar News