വയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു

Update: 2024-05-04 10:50 GMT

നടവയല്‍: വയനാട് നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പോലിസ് സേനാംഗം മുണ്ടക്കല്‍ അജേഷിന്റെ കാറിനും ബൈക്കിനും നേരേയായിരുന്നു കാട്ടാനയുടെ പരാക്രമം. വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതാണ് വാഹനങ്ങള്‍.

കഴിഞ്ഞ രാത്രിയാണ് സംഭവം. കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ത്തു. പിന്‍ഭാഗത്ത് ബോഡിയില്‍ കുത്തി. കാര്‍ മൂടിയിട്ടിരുന്ന ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകീറി. ബൈക്ക് ചവിട്ടിമറിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. എന്‍ജിനീയര്‍ പരിശോധിച്ച് നല്‍കുന്ന റിപോര്‍ട്ട് പ്രകാരം വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ പറഞ്ഞു.

വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ആന തകര്‍ക്കുന്നത് തുടര്‍ക്കഥയാണെന്നു നെയ്ക്കുപ്പ നിവാസികള്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ഓട്ടോയും ബൈക്കും കാറും ആന കേടുവരുത്തിയിരുന്നു. നെയ്ക്കുപ്പ കക്കോടന്‍ ബ്ലോക്ക് മുതല്‍ അയനിമല വരെയുള്ള തൂക്കുവേലി നിര്‍മാണം അധികൃതരുടെ ഉദാസീനത മൂലം വൈകുകയാണെന്നു അവര്‍ കുറ്റപ്പെടുത്തി.

Tags: