ആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു

Update: 2024-05-04 10:37 GMT

കേളകം: ആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു. ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാരിയായ രമ കല്ലയുടെ വീടിനുനേരെയാണ് ബുധനാഴ്ച രാത്രി കാട്ടാനയുടെ ആക്രമണം. രാത്രി 9.30ഓടെ കാട്ടാന രമയുടെ വീടിന്റെ അടുക്കള ഭാഗത്തെ ചുമരിന്റെ ഒരുഭാഗവും ഷീറ്റും തകര്‍ത്തു തുമ്പിക്കൈ വീട്ടിനകത്തേക്ക് നീട്ടി.

വീട്ടില്‍ ഉണ്ടായിരുന്ന രമയും മകള്‍ രമ്യയും രമ്യയുടെ മക്കളായ നാലു വയസ്സുള്ള ആദ്യദേവ്, ഏഴ് വയസ്സുള്ള ദീക്ഷിത് എന്നിവരുടെ നിലവിളികേട്ട് സമീപത്തെ ബന്ധുകൂടിയായ സനീഷ് ഓടി യെത്തുമ്പോഴേക്കും കാട്ടാന സനീഷിന് നേരെയും തിരിഞ്ഞു.

ഒടുവില്‍ പടക്കം പൊട്ടിച്ചുംമറ്റുമാണ് കാട്ടാനയെ വീടിനു സമീപത്തുനിന്നും അകറ്റിയത്. വനംവകുപ്പ് സംഘവും സ്ഥലത്തെത്തി. ഈ വീട്ടുമുറ്റത്ത് രണ്ടാം തവണയാണ് കാട്ടാന എത്തുന്നത്. മുമ്പ് കാട്ടാന വീട്ടുമുറ്റത്തുള്ള പ്ലാവില്‍നിന്ന് ചക്ക പറിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

Tags: