ആത്മീയ സര്‍ക്യൂട്ട് വികസനം: കേരളത്തിന് 85.23 കോടി അനുവദിച്ചു

സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായി സംസ്ഥാനത്തെ 113 ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനത്തിനാണ് തുക അനുവദിച്ചത്. മഞ്ചേശ്വരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം മുതല്‍ തിരുവനന്തപുരത്തെ മാദ്രെ ദെ ദേവൂസ് ദേവാലയം വരെ വ്യാപിച്ചുകിടക്കുന്നതാണ് കേരളത്തിലെ ആത്മീയ സര്‍ക്യൂട്ട്.

Update: 2019-01-15 07:35 GMT

തിരുവനന്തപുരം: സ്വദേശ് ദര്‍ശനിലൂടെ കേരളത്തിലെ ആത്മീയ സര്‍ക്യൂട്ട് വികസനത്തിന് 85.23 കോടി അനുവദിച്ചു. സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായി സംസ്ഥാനത്തെ 113 ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനത്തിനാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ നടപ്പിലാക്കിയ 75 ലക്ഷത്തിന്റെ വികസന പദ്ധതികള്‍ ഇന്നു വൈകീട്ട്് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസമാണ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്ന് കേന്ദ്രടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

14 ജില്ലകളിലെ പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, മുസ്്‌ലീം പള്ളികള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മഞ്ചേശ്വരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം മുതല്‍ തിരുവനന്തപുരത്തെ മാദ്രെ ദെ ദേവൂസ് ദേവാലയം വരെ വ്യാപിച്ചുകിടക്കുന്നതാണ് കേരളത്തിലെ ആത്മീയ സര്‍ക്യൂട്ട്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദ്, മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി, തൃശൂര്‍ തിരുവമ്പാടി ക്ഷേത്രം മുതലായവ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടും. സ്വദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ 550 കോടിയുടെ ഏഴ് പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ 175 കോടി അനുവദിച്ചു. ആദ്യഗഡു ചിലവഴിച്ചാല്‍ മാത്രമേ രണ്ടാംഗഡു നല്‍കൂവെന്ന് മന്ത്രി പറഞ്ഞു. ശബരിമലക്ക് വേണ്ടി നല്‍കിയ പണമൊന്നും സര്‍ക്കാര്‍ ചിലവഴിച്ചിട്ടില്ല. 99 കോടി രൂപ ശബരിമലയ്ക്ക് വേണ്ടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയം വന്നതോടെ കേരളം തകര്‍ന്നിരിക്കുവാണെന്നാണ് പുറത്തുള്ള പ്രതീതി. ടൂറിസത്തിന് ഏറ്റവുമധികം പൈസ കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കേരളം. ലോക ടൂറിസം ഭൂപടത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. വിദേശ ടൂറിസ്റ്റുകള്‍ വരുന്ന സംസ്ഥാനങ്ങളില്‍ കേരളം എട്ടാമതാണ്. ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനം 14 ശതമാനം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ മൊത്തം തൊഴിലില്‍ 12.36 ശതമാനം ടൂറിസം രംഗത്താണുള്ളത്. 1,77,000 കോടി രൂപയുടെ വരുമാനം ടൂറിസം രംഗത്തുണ്ടായി. പ്രളയത്തിന് ശേഷം കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരുന്നത് കുറഞ്ഞിട്ടുണ്ട്. 18 ശതമാനം ആള്‍ക്കാരാണ് കുറഞ്ഞതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags: