കണ്ണൂര്‍ വി സിയുടെ പുനര്‍ നിയമനം റദാക്കി സുപ്രീം കോടതി; വിധി പിണറായി സര്‍ക്കാരിന്റെ വഴിവിട്ട നിയമനങ്ങള്‍ക്കുള്ള താക്കീത്: പി മുഹമ്മദ് ഷമ്മാസ്

Update: 2023-11-30 06:41 GMT
കണ്ണൂര്‍ വി സിയുടെ പുനര്‍ നിയമനം റദാക്കി സുപ്രീം കോടതി; വിധി പിണറായി സര്‍ക്കാരിന്റെ വഴിവിട്ട നിയമനങ്ങള്‍ക്കുള്ള താക്കീത്: പി മുഹമ്മദ് ഷമ്മാസ്

കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പുനര്‍നിയമന ഉത്തരവ് ചാന്‍സലറാണ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ നിയമപരമായ തന്റെ അധികാരം പൂര്‍ണ്ണമായും അടിയറവെച്ചു. ഇത് നിയമനപ്രക്രിയയെ അസാധുവാക്കുന്നു. വി.സി സ്ഥാനത്തേക്കുള്ള യോഗ്യതയെക്കുറിച്ച് കോടതി പരിശോധിച്ചിട്ടില്ല. അത് ചെയ്യേണ്ടത് നിയമനം നടത്തുന്ന അതോറിറ്റിയാണ്. നിയമനം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് അട്ടിമറി നടന്നിരിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.


കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി പിണറായി സര്‍ക്കാരിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയും വഴിവിട്ട നിയമനങ്ങള്‍ക്കുള്ള ശക്തമായ താക്കീതുമാണെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.എല്ലാ തരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ച് സിപിഎം നേതൃത്വത്തില്‍ , പിണറായി വിജയന്‍ മുന്‍കൈയ്യെടുത്ത് നടപ്പിലാക്കിയ പുനര്‍നിയമനം റദ്ദാക്കിയതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലനില്‍പ്പിനുള്ള അവസാന പ്രതീക്ഷയായി നമ്മുടെ ജുഡീഷ്യല്‍ സംവിധാനം മാറിയെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേര്‍ത്തു.

സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി യൂണിവേഴ്‌സിറ്റിയില്‍ അനധികൃത നിയമനങ്ങള്‍ നടത്താനും, സര്‍വ്വകലാശാലയില്‍ മറ്റ് തരത്തില്‍ വിവിധ സാമ്പത്തിക അഴിമതികള്‍ക്കും വേണ്ടിയായിരുന്നു ലക്ഷങ്ങള്‍ ചെലവഴിച്ച് വിസിയുടെ പുനര്‍ നിയമനത്തിനായി സര്‍ക്കാരും സിപിഎമ്മും സുപ്രീംകോടതി വരെ പോയതെന്നും ഇതിനിടയില്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സര്‍വ്വകലാശാലയുടെ പരിപാടിയില്‍ ക്ഷണിച്ചത് ഉള്‍പ്പെടെ വിധി അട്ടിമറിക്കാനുള്ള നാണംകെട്ട രീതികള്‍ വരെ ഉണ്ടായിട്ടും ഒടുവില്‍ സത്യം ജയിച്ചിരിക്കുകയാണ്.

ഈ വഴിവിട്ട പുനര്‍ നിയമനത്തിന് ചുക്കാന്‍ പിടിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ ആ സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ലെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കണമെന്നും പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.




Similar News