2012ല്‍ കാണാതായ ഐഷയെ 2016ല്‍ കണ്ടിരുന്നുവെന്ന് റോസമ്മ

Update: 2025-08-06 13:58 GMT

ആലപ്പുഴ: നിരവധി സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആലപ്പുഴ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പോലിസ് തിരച്ചില്‍ നടത്തുന്നു. ഐഷ എന്ന 58കാരിയുടെ തിരോധാനത്തിലാണ് നെടുമ്പ്രക്കാട്ടെ വീട്ടിലെത്തി റോസമ്മയെ ചോദ്യംചെയ്തത്. റോസമ്മയുടെ കോഴിഫാമില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ഐഷയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും ഐഷയും സെബാസ്റ്റ്യനും 2016ല്‍ വീട്ടില്‍ വന്നിരുന്നുവെന്നും റോസമ്മ പറഞ്ഞു. സെബാസ്റ്റ്യന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടാണ്. പറമ്പില്‍ ഇപ്പോള്‍ പരിശോധന എന്തിനെന്ന് അറിയില്ല. ഐഷയുമായി ഒരു ബന്ധവുമില്ല. വഴിയില്‍ വച്ച് കണ്ടിട്ടുണ്ടെന്നും റോസമ്മ പറഞ്ഞു.

''ഐഷ അയല്‍പക്കത്ത് താമസിച്ചിരുന്ന ആളാണ്. വഴിയെ പോകുമ്പോള്‍ സംസാരിക്കുക മാത്രമാണ് ഉണ്ടായിരുന്നത്. ഐഷയെ കാണാതാകുന്ന സമയത്ത് താന്‍ പള്ളിയിലായിരുന്നു. ഫോണ്‍ കോളുകള്‍ വന്നിരുന്നു. കോഴിഫാം നില്‍ക്കുന്ന സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കിയത് സെബാസ്റ്റ്യനാണ്. സെബാസ്റ്റ്യനും ഐഷയുമായുള്ള ബന്ധം എന്തെന്നറിയില്ല.''താനല്ല ഐഷയെ സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തിയതെന്നും റോസമ്മ പറഞ്ഞു.

അതേസമയും റോസമ്മയും ഐഷയും അടുത്ത പരിചയക്കാരെന്ന് ഐഷയുടെ ബന്ധു ഹുസൈന്‍ പറഞ്ഞു. ഐഷയുടെ തിരോധാനത്തില്‍ റോസമ്മയ്ക്കും സെബാസ്റ്റ്യനും പങ്കുണ്ട്. 2012ല്‍ കാണാതായ ഐഷ 2016 എങ്ങനെയാണ് കോഴിഫാം വൃത്തിയാക്കാന്‍ എത്തുന്നതെന്ന് ഹുസൈന്‍ ചോദിച്ചു.

സെബാസ്റ്റ്യനെതിരേ റോസമ്മ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അയല്‍വാസിയെന്ന നിലയില്‍ ഐഷയുമായി നല്ല ബന്ധത്തിലായിരുന്നുെന്നും കാണാതാകുന്ന കാലത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നെന്നും റോസമ്മ പറഞ്ഞിരുന്നു. സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഇവരുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യന്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നും റോസമ്മ ആരോപിച്ചിരുന്നു. ഐഷയെ കാണാതായശേഷം പലപ്പോഴായി അവരുടെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നെന്നും ഫോണെടുത്താല്‍ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാല്‍ എടുക്കാറില്ലെന്നും റോസമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതൊന്നും പോലിസ് വിശ്വസിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. സെബാസ്റ്റിയനുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് പോലിസ് നടത്തുന്നത്. ഇന്ന അയാളുടെ ഭാര്യയെ കോട്ടയത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു.സെബാസ്റ്റ്യന്റെ വീട്ടില്‍ ഇന്ന് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തി. ഭൂമിക്കടിയില്‍ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് ഗ്രൗണ്ട് പെനസ്‌ട്രേറ്റിക് റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 2.3 മീറ്റര്‍ ആഴത്തിലാണ് കുഴിയെടുത്തത്. മൂന്നു സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു. വീടിന്റെ അടുക്കളയില്‍നിന്നു കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയല്‍ കണ്ടെത്തി.