വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്
പന്ത്രണ്ടോളംപേര്‍ തന്നെ പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്കിയ മൊഴിയെത്തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ടിന് ലഭിച്ച പരാതിയിലാണ് നടപടി.
തിരൂരങ്ങാടി: സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയംനടിച്ച് ലൈംഗികപീഡനത്തിനിരയാക്കിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പന്ത്രണ്ടോളംപേര്‍ തന്നെ പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്കിയ മൊഴിയെത്തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ടിന് ലഭിച്ച പരാതിയിലാണ് നടപടി.
കേസില്‍ തിരൂരങ്ങാടി സ്വദേശി സന്തോഷ് എന്ന ഓട്ടോ ഡ്രൈവറെ ഒരുമാസം മുമ്പ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍, മറ്റ് പ്രതികളെ അറസ്റ്റുചെയ്തിരുന്നില്ല. കേസില്‍ ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതുകൊണ്ട് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നു. കുട്ടിയുടെ മൊഴി മാറ്റാനും വൈദ്യപരിശോധനാ റിപോര്‍ട്ടില്‍ കോടതിയെ കബളിപ്പിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.