പ്രവാസി ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും; കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഭരണഘടനയ്ക്കും രാജ്യാന്തര ഉടമ്പടികള്‍ക്കുമനുസൃതമായി സാധ്യമായ പദ്ധതികള്‍ തയ്യാറാക്കേണ്ടത് പ്രവാസി- കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിന് അവശ്യമാണെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.പ്രവാസി ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികള്‍ക്കും സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് ഇന്ത്യ എന്ന സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി

Update: 2020-07-06 15:10 GMT

കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികള്‍ക്കും സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് ഇന്ത്യ എന്ന സംഘടന സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു.ഹരജിയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും, ഭരണഘടനയ്ക്കും രാജ്യാന്തര ഉടമ്പടികള്‍ക്കുമനുസൃതമായി സാധ്യമായ പദ്ധതികള്‍ തയ്യാറാക്കേണ്ടത് പ്രവാസി- കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിന് അവശ്യമാണെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികള്‍ക്ക് ശമ്പളമുള്‍പ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തൊഴില്‍ ദാതാക്കള്‍ നല്‍കിയിട്ടില്ലെന്നും ഹരജിക്കാര്‍ ആരോപിച്ചു. മഹാമാരിയുടെ അവസരം മുതലെടുത്ത് വമ്പിച്ച 'കൂലി മോഷണ'ത്തിനാണ് രാജ്യാന്തര തലത്തില്‍ വമ്പന്‍ കോര്‍പറേറ്റുകളുള്‍പ്പടെ ശ്രമിക്കുന്നത്.തൊഴില്‍ സംബന്ധവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച കേസുകള്‍ അതത് രാജ്യങ്ങളിലാണ് നല്‍കേണ്ടെതെന്നിരിക്കെ, കൊവിഡ് പ്രതിസന്ധി മൂലം ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നിയമ നടപടികള്‍ പോലും സ്വീകരിക്കാന്‍ പ്രവാസികള്‍ക്ക് കഴിയില്ലെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു. തൊഴിലാളികള്‍ മടങ്ങിയാലും നഷ്പരിഹാരമുള്‍പ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കായ കേസുകള്‍ ഇന്ത്യന്‍ എംബസികള്‍ മുഖാന്തിരം നടത്താവുന്നതാണ്.

കേസ് നടത്താന്‍ എംബസികള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാന്‍ ഭൂരിപക്ഷം രാജ്യങ്ങളിലേയും നിയമ വ്യവസ്ഥ അനുവദിക്കുന്നുണ്ട്.മേല്‍പ്പറഞ്ഞ വസ്തുതകള്‍ നിലനില്‍ക്കെ വര്‍ഷങ്ങളോളം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് ഒടുവില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ മടങ്ങുന്ന പ്രവാസികളുടെ ശമ്പള കുടിശ്ശികകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും സംബന്ധിച്ച വിവര ശേഖരണം നടത്താനോ തുടര്‍ നിയമ സഹായങ്ങള്‍ക്കോ യാതൊരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടില്ലെന്നും ഹരജിക്കാര്‍ പറഞ്ഞു.ലോക് ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ വിവിധ കാരണങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ട്.ഇവരുടെ ഇന്‍ഷൂറന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിക്കുന്നതിനും വിദേശ രാജ്യങ്ങളില്‍ നിയമ നടപടി ആവശ്യമായി വന്നേക്കും.

മടങ്ങിയെത്തുന്ന ഇന്ത്യക്കാരുടെ കുടിശ്ശികകളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരശേഖരണം നടത്താനാവശ്യമായ സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് നാഷണല്‍ കണ്‍വീനറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ അഡ്വ ബി എസ് സ്യമന്തക്, അഡ്വ ശ്രീദേവി കെ എന്നിവര്‍ മുഖാന്തിരമാണ് ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര തൊഴില്‍ മന്ത്രാലയം, നോര്‍ക്ക റൂട്ട്സ് എന്നിവരും കേസില്‍ എതിര്‍കക്ഷികളാണ്. കേസ് ജൂലൈ 16 നു പരിഗണിക്കുമ്പോള്‍ എതികക്ഷികള്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. 

Tags:    

Similar News