പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ഇടതുപക്ഷം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു: യുഡിഎഫ് കണ്‍വീനര്‍

ഇടത് മുന്നണിയെപോലെ പൗരത്വ വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയം കാണുന്നില്ല. വിഷയത്തില്‍ ഒന്നിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്ന് ആദ്യം നിര്‍ദേശം വച്ചത് യുഡിഎഫ് ആണ്. കേരളത്തിലെ പൊതു അഭിപ്രായത്തിനെതിരെ നിലപാടെടുത്ത ഗവര്‍ണര്‍ക്ക് എതിരെ യുഡിഎഫ് സ്വീകരിച്ച നിലപാടിനെ എതിര്‍ക്കുന്ന സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. നിയമസഭയെയും സര്‍ക്കാരിനെയും നിരന്തരം അവഹേളിക്കുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് എടുക്കുന്നത് സിപിഎം ആരോപിക്കുന്നതുപോലെ എങ്ങനെ രാഷ്ട്രീയ പ്രേരിതമാകും. സിപിഎമ്മും മുഖ്യമന്ത്രിയും ആദ്യം ആത്മാര്‍ഥത തെളിയിക്കട്ടെ. ഗവര്‍ണര്‍ക്കെതിരായ നിലപാട് എടുത്തതിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്ന സിപിഎം മന്ത്രിമാര്‍ ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു

Update: 2020-01-28 12:48 GMT

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരം ഇടതുമുന്നണി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍.എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയെ കണ്ടിട്ടല്ല യുഡിഎഫ് സമരം പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണിയെപോലെ പൗരത്വ വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയം കാണുന്നില്ല. വിഷയത്തില്‍ ഒന്നിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്ന് ആദ്യം നിര്‍ദേശം വച്ചത് യുഡിഎഫ് ആണ്. കേരളത്തിലെ പൊതു അഭിപ്രായത്തിനെതിരെ നിലപാടെടുത്ത ഗവര്‍ണര്‍ക്ക് എതിരെ യുഡിഎഫ് സ്വീകരിച്ച നിലപാടിനെ എതിര്‍ക്കുന്ന സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. നിയമസഭയെയും സര്‍ക്കാരിനെയും നിരന്തരം അവഹേളിക്കുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് എടുക്കുന്നത് സിപിഎം ആരോപിക്കുന്നതുപോലെ എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ ചോദിച്ചു.

സിപിഎമ്മും മുഖ്യമന്ത്രിയും ആദ്യം ആത്മാര്‍ഥത തെളിയിക്കട്ടെ. ഗവര്‍ണര്‍ക്കെതിരായ നിലപാട് എടുത്തതിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്ന സിപിഎം മന്ത്രിമാര്‍ ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.ഇടതു മുന്നണി കഴിഞ്ഞ ദിവസം നടത്തിയ മഹാശൃംഖലയില്‍ യുഡിഎഫിന്റെ അറിയപ്പെടുന്ന നേതാക്കള്‍ ആരും പങ്കെടുത്തിട്ടില്ല.മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരിലല്ല ലീഗ് നേതാവിനെതിരെ നടപടിയെടുത്തതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഒരു പാര്‍ടിയുടെ ആഭ്യന്തര കാര്യത്തില്‍ യുഡിഎഫ് ഇടപെടില്ലെന്നും ചോദ്യത്തിന് മറുപടിയായി ബെന്നി ബഹനാന്‍ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ പൊതു അഭിപ്രായം സമൂഹത്തിനുണ്ട്. അങ്ങനെ ആരെങ്കിലും അതില്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ തന്നെ അത് വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കണ്‍വീനര്‍ പറഞ്ഞു.

Tags:    

Similar News